/kalakaumudi/media/post_banners/ac1e1e06b433475075cfeabf4bd70d652eea842503e0e885ea9483cb17dda318.jpg)
കൊച്ചി: സംസ്ഥാനത്താദ്യമായി നടക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ പങ്കെടുക്കാനെത്തുന്നത് ലോകത്തിലെ വൈജ്ഞാനിക മേഖലയിലെ നേതൃനിര. കേരളത്തെ വിവിധ മേഖലകളില്‍ ഡിജിറ്റല്‍ നൂതനത്വത്തിന്റെയും നിക്ഷേപത്തിന്റെയും കേന്ദ്രബിന്ദുവാക്കാനുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇവര്‍ തുടക്കമിടും.
കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് 22,23 തിയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ പുത്തന്‍ സാങ്കേതികവിദ്യയുടെയും വികസനത്തിന്റെയും സമന്വയത്തിലൂടെ കേരളത്തെ എങ്ങനെ മുന്നോട്ടു നയിക്കാമെന്നതും ചര്‍ച്ച ചെയ്യപ്പെടും. സംരംഭകര്‍, നയകര്‍ത്താക്കള്‍, സ്റ്റാര്‍ട്ടപ്പ്, കോര്‍പറേറ്റ് മേഖലയിലെ പ്രൊഫഷനലുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഐടി, ബാങ്കിംഗ്, ചില്ലറവ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, സഞ്ചാരം-ഗതാഗതം തുടങ്ങിയ മേഖലകളില്‍ നിന്നായി മുപ്പതില്‍പരം വിദഗ്ധരാണ് ഈ ദ്വിദിന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുന്നത്. 'ഡിജിറ്റല്‍ ഭാവിയിലേയ്ക്ക്' എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.
കേരളത്തില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഐടി സമ്മേളനമായിരിക്കും ഹാഷ് ഫ്യൂച്ചറെന്ന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള ഐടി ഉന്നതാധികാര സമിതി (എച്ച്പിഐസി) ചെയര്‍മാന്‍ എസ് ഡി ഷിബുലാല്‍ പറഞ്ഞു. സംസ്ഥാനത്തെ ഡിജിറ്റല്‍ രംഗത്തെ നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ കാഴ്ചവയ്ക്കുന്നതിനോടൊപ്പം ഡിജിറ്റല്‍ വിപണിയ്ക്ക് മുന്നില്‍ സ്വയം അവതരിപ്പിക്കാനും കേരളത്തിന് കഴിയും. രണ്ട് കൊല്ലത്തിലൊരിക്കല്‍ നടത്താനുദ്ദേശിക്കുന്ന ഈ സമ്മേളനത്തില്‍ ഡിജിറ്റല്‍ രംഗത്ത് നേട്ടമുണ്ടാക്കിയവരെ ഒന്നിച്ചു കൊണ്ടുവരാനും കേരളത്തിന്റെ സ്വപ്നങ്ങളില്‍ പങ്കാളികളാക്കാനും കഴിയും.
ഡിജിറ്റല്‍ ലോകത്തെ അതികായരുമായി സംവദിക്കുന്നതു വഴി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ്, ഐടി സംരംഭകര്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അസുലഭ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തെ തകിടം മറിക്കുന്ന വിപ്ലവകരമായ സാങ്കേതിക വിദ്യയുടെ ഉദയമാണ് ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത്, കേരളത്തിന് ഇതില്‍നിന്ന് മാറി നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐടി ഉന്നതാധികാര സമ്മിതി അംഗങ്ങളായ വി കെ മാത്യൂസ്, രാജേഷ് നായര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഐടി ഉന്നതാധികാര സമിതിയുടെ ആശയമാണ് ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടി. സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ സാങ്കേതിക ഭാവിയെ ഉത്തേജിപ്പിക്കുന്നതിനോടൊപ്പം അതിനായുള്ള മാര്‍ഗരേഖ കൂടി ഉച്ചകോടിയില്‍ അവതരിപ്പിക്കും.
ഡിജിറ്റല്‍ രംഗത്ത് നേട്ടമുണ്ടാക്കിയ മലയാളി പ്രൊഫഷണലുകളുടെയും സംരംഭകരുടേയും ശൃംഖല (ഡിജിറ്റല്‍ അച്ചീവേഴ്‌സ് നെറ്റ്വര്‍ക്ക് ഓഫ് കേരള ഒറിജിന്‍) സൃഷ്ടിക്കുക എന്നതാണ് ഈ ഉച്ചകോടിയുടെ നേരിട്ടുള്ള അനന്തരഫലം. 150 പേരടങ്ങുന്ന ഈ സംഘം കൂട്ടായും സംഘാംഗങ്ങള്‍ ഒറ്റയ്ക്കും കേരളത്തിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായി പ്രവര്‍ത്തിക്കും. വിജ്ഞാന മേഖലയുടെ കേന്ദ്രബിന്ദുവായി മാറാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്തു പകരാന്‍ ഈ കൂട്ടായ്മയക്കാകും.
ദി ഡിജിറ്റല്‍ ഫ്യൂച്ചര്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ദി ഡിജിറ്റല്‍ ഫ്യൂച്ചര്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് ടെക്‌നോളജി, ദി ഡിജിറ്റല്‍ ഫ്യൂച്ചര്‍ ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് സകില്‍സ്, ടെക്‌നോളജി ഡിസ്‌റപ്ഷന്‍ ആന്‍ഡ് ഇന്‍ക്ലൂഷന്‍, ഡിജിറ്റല്‍ ഫ്യൂച്ചര്‍ ഓഫ് ബാങ്കിംഗ് ഫിനാന്‍സ് ആന്‍ഡ് റിടെയില്‍ എന്നിവയാണ് പാനല്‍ ചര്‍ച്ചയിലെ വിഷയങ്ങള്‍.
മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനി, ഇന്‍ഫോസിസ് സഹസ്ഥാപകനും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ ഡോ. ഗീതാ ഗോപിനാഥ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന്‍, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസര്‍ അജിത് ജെ തോമസ്, ഐടി ഉന്നതാധികാര സമിതി ചെയര്‍മാന്‍ എസ്ഡി ഷിബുലാല്‍, അംഗങ്ങളായ വി കെ മാത്യൂസ്, ദുലീപ് സഹദേവന്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പ്രഭാഷണങ്ങള്‍ നടത്തും.
ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, സിസ്‌കോ സിസ്റ്റംസ്, വോള്‍വോ ഇന്ത്യ, ഫ്‌ളൈടെക്സ്റ്റ് ബിവി, യുഎസ്ടി ഗ്ലോബല്‍, ലുഫ്താന്‍സ ഗ്രൂപ്പ്, എമിറേറ്റ്‌സ് ഗ്രൂപ്പ്, ഡെല്‍ ഇഎംസി, ഇന്നോവേഷന്‍ ഇന്‍കുബേറ്റര്‍ ഇന്‍ക്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, മാപ്‌മൈജീനോം, ഇന്‍സീഡ്, നാസ്‌കോം, ഇ ആന്‍ഡ് വൈ, കെപിഎംജി എന്നിവയുടെ തലപ്പത്തുള്ള എക്‌സിക്യൂട്ടിവുകളും ഉച്ചകോടിയില്‍ സംസാരിക്കും.
മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല, നിര്‍മിത ബുദ്ധി വിഭാഗത്തിന്റെ തലവന്‍ ജോസഫ് സിരോഷ് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉച്ചകോടിയെ അഭിസംബോധന ചെയ്യും.
പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല, സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍, നാസ്‌കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍, കെപിഎംജി ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ കുമാര്‍, ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
ഡിജിറ്റല്‍ എക്‌സപീരിയന്‍സ് തിയേറ്ററായിരിക്കും ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണം. വെര്‍ച്വല്‍ റിയാലിറ്റി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ തിയേറ്റര്‍ സമ്മേളന സ്ഥലത്താണ് സ്ഥാപിക്കുക. ഡിജിറ്റല്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച ഈ വെര്‍ച്വല്‍ തിയേറ്റര്‍ വഴി പ്രതിനിധികള്‍ക്ക് ദര്‍ശിക്കാവുന്നതാണ്.
കേരളത്തില്‍ നടക്കുന്ന പൂര്‍ണമായി ഡിജിറ്റല്‍വല്‍കരിച്ച ആദ്യസമ്മേളനമാണിത്. മൊബൈല്‍ അധിഷ്ഠിതമായിരിക്കും സേവനങ്ങളെല്ലാം.
തിരിച്ചറിയല്‍ കാര്‍ഡിനുപകരം പ്രവേശനത്തിനും മറ്റും ക്യുആര്‍ കോഡ് ഉപയോഗിക്കും. സമ്മേളനത്തിനുമാത്രമായുള്ള ആപ്പിലൂടെയായിരിക്കും സമ്മേളനത്തിന്റെ ആശയവിനിമയങ്ങള്‍ പൂര്‍ണമായും പ്രതിനിധികള്‍ക്ക് നല്‍കുന്നത് നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് അധിഷ്ഠിത കൈസാല (സമശ്വമഹമ) എന്ന പ്ലാറ്റ്‌ഫോം വഴി വിവിധ മേഖലകളില്‍നിന്നുള്ള പ്രശസ്തരായ 30 പ്രഭാഷകരുമായി പ്രതിനിധികള്‍ക്ക് ബന്ധപ്പെടാം.
നാസ്‌കോം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ടിഐഇ, കേരള മാനേജ്മന്റ് അസോസിയേഷന്‍, ജി ടെക്, ഏണസ്റ്റ് ആന്‍ഡ് യങ് എന്നിവയെല്ലാം ഹാഷ് ്#ഫ്യൂച്ചറുമായി സഹകരിക്കുന്നുണ്ട്.