/kalakaumudi/media/post_banners/f08a86cdb5d91bccd37e3a8e570b94fdbd6cb2b58853d46017e150f28d18466f.jpg)
ബംഗളൂരു:ഇന്‍ഫോസിസിന്റെ ഓസ്ട്രേലിയയിലെ വരുമാനം ഒരു ബില്യണ്‍ ഡോളര്‍ കടന്നു. ഇതോടെ ഓസ്‌ട്രേലിയ സോഫ്റ്റ് വെയര്‍ സേവന കമ്പനിയായ ഇന്‍ഫോസിസിന്റെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായി മാറി. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ വരുമാനത്തിന്റെ 85% യുഎസ്, യൂറോപ്യന്‍ വിപണികളില്‍ നിന്നാണ് ലഭിക്കുന്നത്.
ഓസ്ട്രേലിയയില്‍ ഇപ്പോള്‍ സ്വന്തമായി ഒരു ബില്യണ്‍ ഡോളറിലധികം ബിസിനസ് നേട്ടമുണ്ടെന്നും വളരെ വലിയ വിപണിയായി ഓസ്‌ട്രേലിയ മാറിയെന്നും ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സലീല്‍ പരേഖ് വ്യക്തമാക്കി. ജപ്പാനിലും സിംഗപ്പൂരിലും കൂടുതല്‍ ബിസിനസ് വ്യാപിപ്പിക്കുമെന്നും ഇതോടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഇവിടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍, ടെക് സര്‍വീസ് കമ്പനിയായ ഇന്‍ഫോസിന്റെ 61.65 ശതമാനം വരുമാനം യുഎസില്‍ നിന്നും 23.6 ശതമാനം വരുമാനം യൂറോപ്പില്‍ നിന്നുമാണ് നേടുന്നത്. ഏഷ്യാ പസഫിക് മേഖലയിലെ സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലാണ് ഇനി ഇന്‍ഫോസിസ് ശ്രദ്ധ കേന്ദ്രീകരിക്കുക. ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍ മറ്റൊരു പ്രധാന ബിസിനസ് വിഭാഗമാണ്.
ഓസ്ട്രേലിയയില്‍ 1,200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഇന്‍ഫോസിസ് അറിയിച്ചിരുന്നു. എന്നാല്‍ ഓസ്ട്രേലിയ ഒരു ചെറിയ വിപണിയാണെന്നും ഐടി സേവനങ്ങള്‍ക്ക് ഒരു ഘട്ടത്തിനപ്പുറം ഓസ്‌ട്രേലിയയില്‍ വളരാന്‍ സാധിക്കില്ലെന്നുമാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതിക മേഖലകളിലും ഇന്‍ഫോസിസ് കൂടുതല്‍ പുതുമകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.