/kalakaumudi/media/post_banners/77986f8317f9975e41c46b11a476f079b6074ee62de8e40bfe5e9ca2dc31e7de.jpg)
ന്യൂഡല്‍ഹി: 4665 കോടി മുതല്‍മുടക്കില്‍ കൊച്ചിയില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാര്‍. ഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യ ഹൈഡ്രജന്‍ അലയന്‍സ്(ഐഎച്ച്2എ)യുമായി ചേര്‍ന്നാണ് ഹൈഡ്രജന്‍ ഹബ്ബ് നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുന്നത്. പ്രതിദിനം 60 ടണ്‍ ശേഷിയുള്ള സംസ്‌കരണ പ്ലാന്റിനാണ് ഐഎച്ച്2എയുമായി കരാര്‍ ഉണ്ടാക്കുക.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്ള ഹൈഡ്രജന്‍ വാലി പ്രോജക്ടുകളുടെ മാതൃകയിലാണ് ഹരിത ഹൈഡ്രജന്‍ പദ്ധതി കൊച്ചിയില്‍ നടപ്പാക്കുക. സംസ്ഥാന സര്‍ക്കാരിന്റെ സീറോ എമിഷന്‍ ഗതാഗത ഉപയോഗത്തിനാണ് പദ്ധതിയുടെ ആദ്യഘട്ടം മുന്‍ഗണന നല്‍കുക. രണ്ടാം ഘട്ടത്തില്‍ റിഫൈനറികള്‍, വളം, കെമിക്കല്‍ പ്ലാന്റുകള്‍ എന്നിവയില്‍ നിന്നുള്ള ഗ്രീന്‍ ഹൈഡ്രജന്റെ വ്യാവസായിക ആവശ്യം കൊച്ചി ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന്റെ ശേഷി വിപുലീകരണത്തിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎച്ച്2എ പത്രക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്ത് തുടങ്ങുന്ന ഗ്രീന്‍ ഹൈഡ്രജന്‍ സംരംഭത്തിന്റെ വ്യവസായവത്കരണത്തിന്റെ നേതൃത്വം ലക്ഷ്യമിട്ടുകൊണ്ടാണ് കേരളം പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ പറഞ്ഞു.