അറിയുക ഈ സേവനങ്ങള്‍; അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ഇന്‍ഷുറന്‍സ്

By parvathyanoop.30 07 2022

imran-azhar

എടിഎം കാര്‍ഡിന്റെ ഉപയോഗം ഇന്ന് വളരെ വ്യപകമാണ്.പ്രധാനമന്ത്രി ജന്‍-ധന്‍ യോജനയും റുപേ കാര്‍ഡും പചാരത്തിലായതോടെ എടിഎം സര്‍വ്വസാധാരണമായി. ഇത് ഇടപാടുകള്‍ എളുപ്പമാക്കുകയും ചെയ്യുന്നു.കൂടാതെ, എടിഎം കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് വേറെയും ചില ആനൂകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, പലര്‍ക്കും കാശ് കൈമാറ്റം ചെയ്യുന്നതിനപ്പുറം എടിഎമ്മില്‍ നിന്നും ലഭിക്കുന്ന സൗജന്യ സേവനങ്ങളെപ്പറ്റി അറിയില്ല.

 

എടിഎം കാര്‍ഡ് ഉപയോഗിച്ച് ലഭ്യമാകുന്ന സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സൗജന്യ ഇന്‍ഷുറന്‍സ് ആണ്. ബാങ്ക് ഒരു ഉപഭോക്താവിന് എടിഎം കാര്‍ഡ് നല്‍കിയാലുടന്‍ ഉപഭോക്താവിന് ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാകും. എന്നാല്‍, ഇതേക്കുറിച്ച് വിവരമില്ലാത്തതിനാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഈ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനാകുന്നുള്ളൂ. ജനങ്ങളിലെ സാമ്പത്തിക സാക്ഷരതയില്ലായ്മയാണ് ഇതിനുള്ള ഒരു പ്രധാന കാരണം.

 

ഗ്രാമത്തിലെ ജനങ്ങളെ കുറ്റപ്പെടുത്താതിരിക്കാം, വിദ്യാസമ്പന്നരായ നഗരവാസികള്‍ പോലും എടിഎമ്മുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധിക്കുന്നില്ലെന്നതാണ് സങ്കടകരം. എടിഎമ്മുകള്‍ വഴി ലഭിക്കുന്ന ഇന്‍ഷുറന്‍സിനെക്കുറിച്ച് ബാങ്കുകളും ഉപഭോക്താക്കളെ അറിയിക്കുന്നില്ലെന്നതാണ് വാസ്തവം.

 

ഒരു വ്യക്തി ദേശസാല്‍കൃതമോ അല്ലാത്തതോ ആയ ബാങ്കുകളുടെ എടിഎം കുറഞ്ഞത് 45 ദിവസമെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍, എടിഎം കാര്‍ഡിനൊപ്പം വരുന്ന ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ അയാള്‍ക്ക് അര്‍ഹതയുണ്ട്. ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് വിവിധ തരത്തിലുള്ള എടിഎം കാര്‍ഡുകള്‍ നല്‍കുന്നു. എടിഎം കാര്‍ഡിന്റെ കാറ്റഗറി അനുസരിച്ചാണ് അതില്‍ വരുന്ന ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുന്നത്.

 

ക്ലാസിക് കാര്‍ഡിന് 01 ലക്ഷം രൂപയും പ്ലാറ്റിനം കാര്‍ഡിന് 02 ലക്ഷം രൂപയും സാധാരണ മാസ്റ്റര്‍ കാര്‍ഡിന് 50,000 രൂപയും പ്ലാറ്റിനം മാസ്റ്റര്‍ കാര്‍ഡ്, വിസ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 05 ലക്ഷം രൂപയും ഇന്‍ഷുറന്‍സ് ലഭിക്കും. പ്രധാനമന്ത്രി ജന്‍-ധന്‍ യോജനയ്ക്ക് കീഴില്‍, ഓപ്പണ്‍ അക്കൗണ്ടുകളില്‍ ലഭ്യമായ റുപേ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 01 മുതല്‍ 02 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കും.


എടിഎം ഇന്‍ഷുറന്‍സ് ക്ലെയിം

 

എടിഎം കാര്‍ഡ് ഉടമ അപകടത്തില്‍ പെട്ട് ഒരു കൈയ്ക്കോ കാലിനോ പരിക്കേല്‍ക്കുകയാണെങ്കില്‍, അയാള്‍ക്ക് 50,000 രൂപയുടെ കവറേജ് ലഭിക്കും. അതുപോലെ ഇരു കൈകളും രണ്ടു കാലുകളും നഷ്ടപ്പെട്ടാല്‍  1  ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. മരണപ്പെട്ടാല്‍, കാര്‍ഡ് അനുസരിച്ച് 1 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് കവറേജ്.എടിഎം കാര്‍ഡിനൊപ്പം ലഭ്യമായ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിന്, കാര്‍ഡ് ഉടമയുടെ നോമിനി ബന്ധപ്പെട്ട ബാങ്കില്‍ അപേക്ഷിക്കണം.

 

ബാങ്കിലെ എഫ്‌ഐആറിന്റെ പകര്‍പ്പ്, ആശുപത്രിയിലെ ചികിത്സയുടെ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ സമര്‍പ്പിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കും. മരണം സംഭവിച്ചാല്‍, കാര്‍ഡ് ഉടമയുടെ നോമിനി മരണ സര്‍ട്ടിഫിക്കറ്റ്, എഫ്‌ഐആര്‍ പകര്‍പ്പ്, ആശ്രിത സര്‍ട്ടിഫിക്കറ്റ്, മരിച്ചയാളുടെ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പ് തുടങ്ങിയവ സമര്‍പ്പിക്കണം.

 

 

OTHER SECTIONS