/kalakaumudi/media/post_banners/a0a307c7c4d8fc8cd19b14b4497788002b157b50697fdf94e41189f73fea4549.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സംരംഭകത്വവികസനത്തിനായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം കേരള സ്റ്റാര്‍ട്ടപ് മിഷന്‍(കെഎസ്യുഎം) നേടി. സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള യുവസംരംഭകത്വ വികസന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റാര്‍ട്ടപ് മിഷന് പുരസ്‌കാരം ലഭിച്ചത്.
സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍, പുരസ്‌കാരം സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥിന് സമ്മാനിച്ചു. തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, അഡിഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, സാമൂഹികനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംരംഭകത്വ വികസനത്തിനും സംരംഭങ്ങളുടെ ഇന്‍കുബേഷനും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. സ്റ്റാര്‍ട്ടപ് നയം നടപ്പിലാക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കുമായി ബഹുമുഖപരിപാടികളാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സ്‌കൂളുകളിലും കോളജുകളിലും സ്റ്റാര്‍ട്ടപ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും സ്റ്റാര്‍ട്ടപ് സമൂഹത്തിന്റെ പുരോഗതിക്കായും ഒട്ടേറെ പദ്ധതികള്‍ക്ക് കെഎസ്യുഎം നേതൃത്വം നല്‍കുന്നു.
സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ഫ്യൂച്ചര്‍ സ്പാര്‍ക്ക് പദ്ധതിയിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥികളിലും സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാന്‍ കെഎസ്യുഎം ശ്രമം നടത്തുന്നു. ലേണ്‍ ടു കോഡ്, ഇലക്ട്രോണിക്‌സ് അറ്റ് സ്‌കൂള്‍ എന്നീ പദ്ധതികളിലൂടെ അന്‍പതിനായിരത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റാസ്പ്ബറി പൈ കിറ്റ്, ഇലക്ട്രോണിക് കിറ്റ് എന്നിവയില്‍ പരിചയം നല്‍കാന്‍ കഴിഞ്ഞു. ഐടി അറ്റ് സ്‌കൂള്‍ പദ്ധതിയിലൂടെ രണ്ടായിരത്തി അഞ്ഞൂറോളം സ്‌കൂളുകളില്‍ ഇതേ പരിപാടികള്‍ നടപ്പിലാക്കുന്നു.
ഇരുനൂറോളം സാങ്കേതിക ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൂതനാശയ-സംരംഭകത്വ വികസന സെന്ററുകളും സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടക്കക്കാരായ സംരംഭകര്‍ക്ക് കോളജുകളില്‍ത്തന്നെ ഇന്‍കുബേഷനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ഒരുലക്ഷത്തോളം കോളജ് വിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കോളജില്‍ വച്ചു തന്നെ സംരംഭകരാകാന്‍ സഹായം ലഭിക്കുന്നതിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും പുതു സാങ്കേതിക വിദ്യകളില്‍ നൈപുണ്യം നേടുകയും ചെയ്യുന്നു. സംസ്ഥാനത്ത് ഉല്‍പ്പാദന സംസ്‌കാരം വളര്‍ത്തിയെടുക്കാനായി ഫാബ് ലാബുകളും സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന വന്‍ പിന്തുണയും സ്റ്റാര്‍ട്ടപ് നയം നടപ്പിലാക്കാനുള്ള ശ്രമങ്ങളുമാണ് മുഖ്യമന്ത്രിയുടെ പുരസ്‌കാരത്തിന് സ്റ്റാര്‍ട്ടപ് മിഷനെ അര്‍ഹമാക്കിയത്. സ്റ്റാര്‍ട്ടപ് നയങ്ങള്‍ നടപ്പിലാക്കുന്നതിനായി മറ്റു സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ സ്റ്റാര്‍ട്ടപ് മിഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.