/kalakaumudi/media/post_banners/9b9ec9acba3c97671919ae95d9826ebd5d6672ceef6638037edd0a7a3ce01ad0.jpg)
മുംബൈ: പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ യൂണിറ്റായ റിലയന്‍സ് റീട്ടെയില്‍ സലൂണ്‍ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നു.
നാച്ചുറല്‍സ് സലൂണ്‍ ആന്റ് സ്പായുടെ ഏകദേശം 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ ആസ്ഥാനമായുള്ള നാച്ചുറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ലാക്മെയുമായും മറ്റ് പ്രാദേശിക ബ്രാന്‍ഡുകളായ എന്റിച്ച്, ഗീതാഞ്ജലിയുമായും നേരിട്ട് മത്സരിക്കുന്നതാണ്. 2000ല്‍ സ്ഥാപിതമായ നാച്ചുറല്‍സിന് രാജ്യത്തുനീളം 700ഓളം ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. നിലവിലുള്ള ഔട്ട്‌ലൈറ്റുകളില്‍ നിന്ന് നാലോ, അഞ്ചോ മടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് റിലയന്‍സ് നീക്കം.
നാച്ചുറല്‍ സലൂണ്‍സ് ആന്റ് സ്പാ നടത്തുന്ന കമ്പനിയായ ഗ്രൂം ഇന്ത്യ സലൂണ്‍സ് ആന്‍ഡ് സ്പായുടെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് സംയുക്ത സംരംഭത്തിലേക്ക് പ്രവേശിക്കാനുള്ള കരാറിന്റെ അവസാന ഘട്ടത്തിലാണ് റിലയന്‍സ് റീട്ടെയ്ല്‍ എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ എത്ര രൂപയ്ക്കാണ് റിലയന്‍സ് റീട്ടെയില്‍ നാച്ചുറല്‍സിന്റെ ഓഹരികള്‍ ഏറ്റെടുക്കുക എന്നുള്ളത് ഇതുവരെ ഇരുകമ്പനികളും വ്യക്തമാക്കിയിട്ടില്ല. ഇടപാട് മൂല്യത്തെക്കുറിച്ചും നാച്ചുറല്‍സും റിലയന്‍സും ഇതുവരെ പ്രതികരിച്ചിട്ടില്ല.