By Shyma Mohan.20 01 2023
ന്യൂഡല്‍ഹി: ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഇടം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ലോകത്തെ മികച്ച സിഇഒ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുകേഷ് അംബാനി ഇടം നേടിയിരിക്കുന്നത്.
ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സി ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023 ലെ ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇന്ത്യന്‍ വംശജരായ സിഇഒമാരില്‍ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ എന്നിവരെ മുകേഷ് അംബാനി പിന്തള്ളി.
ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയില്‍ എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങാണ് ഒന്നാമതെത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ബയോളജി, ക്ലൈമറ്റ് സയന്‍സസ്, ഓട്ടോണമസ് വെഹിക്കിള്‍സ്, റോബോട്ടിക്‌സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പ്യൂട്ടിംഗിന്റെ അടുത്ത യുഗത്തിലേക്കുള്ള കമ്പനിയുടെ മുന്നേറ്റത്തിന് മേല്‍നോട്ടം വഹിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.
ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ചാനലിന്റെ മേധാവി ലീന നായരാണ് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള വനിതാ സിഇഒ. സത്യ നാദെല്ല, സുന്ദര്‍ പിച്ചൈ, പുനിത് റെന്‍ജെന്‍, ശന്തനു നാരായണ്‍, എന്‍ ചന്ദ്രശേഖരന്‍, പിയൂഷ് ഗുപ്ത എന്നിവര്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. വ്യാഴാഴ്ച രാത്രി സ്ഥാനമൊഴിഞ്ഞ നെറ്റ്ഫ്‌ലിക്‌സ് സിഇഒ റീഡ് ഹേസ്റ്റിംഗ്‌സ് 17-ാം സ്ഥാനത്താണ്. ആനന്ദ് മഹീന്ദ്ര 23-ാം സ്ഥാനത്തും എയര്‍ടെല്ലിന്റെ സുനില്‍ മിത്തല്‍ 26-ാം സ്ഥാനത്തുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഇഒ ദിനേശ് കുമാര്‍ ഖാര 48-ാം സ്ഥാനത്താണ്.
മികച്ച 10 സിഇഒമാരില്‍ പകുതിയും ടെക്, മീഡിയ മേഖലകളില്‍ നിന്നുള്ളവരാണ്. പട്ടികയിലെ ആദ്യ നൂറില്‍ ഇടം പിടിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് യുഎസില്‍ നിന്നാണ്. ചൈനയില്‍ നിന്നുള്ളവരാണ തൊട്ടുപിന്നില്‍ പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്.