/kalakaumudi/media/post_banners/f8e65c4efd20e5702105ead7f263902ec9349d9d2e7364c78d11b9e85cb06073.jpg)
കൊച്ചി: ഭാവി വളര്‍ച്ചയ്ക്കുള്ള ഇന്ധനമായി വിവരശേഖരം (ഡേറ്റ) മാറിക്കഴിഞ്ഞതോടെ ഇതിന്റെ വിശ്വാസ്യതയെക്കുറിച്ചും വിപണിയിലെ ദ്രുതഗതിയിലുള്ള നീക്കങ്ങളെക്കുറിച്ചും ഡിജിറ്റല്‍ ലോകം ആശങ്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടി ഈ ആശങ്കകളും അവസരങ്ങളും ചര്‍ച്ച ചെയ്യും.
ഡേറ്റ വിശകലന മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധരാണ് കൊച്ചി ലെ മെറിഡിയനില്‍ മാര്‍ച്ച് 22, 23 തിയതികളില്‍ നടക്കുന്ന ഡിജിള്‍ന്റ ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
ഡിജിറ്റല്‍ വിവരശേഖരണ മേഖല സ്‌ഫോടനാത്മകമായ വേഗത്തില്‍ വള രുകയും തെറ്റുകളില്ലാതെ ശുദ്ധീകരിച്ച ഡേറ്റ ഭാവിയിലേയ്ക്ക് അത്യന്താപേക്ഷിതമാവുകയും ചെയ്യുന്നതുകൊണ്ട് ഡേറ്റാ അനലിസ്റ്റുകള്‍ക്കും വിദഗ്ധ തൊഴില്‍ ചെയ്യുന്നവര്‍ക്കും മികച്ച അവസരങ്ങളാണ് ഒരുങ്ങുന്നത്. ഈ അവസരങ്ങള്‍ കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതായിരിക്കും ചര്‍ച്ചാവിഷയം.
'ഡേറ്റ-ഓയില്‍ ഓഫ് ഡിജിറ്റല്‍ ഫ്യൂച്ചര്‍' എന്ന വിഷയത്തില്‍ വര്‍ത്തമാനകാലത്തെ വിവരശേഖരണത്തിലെ അപാകതകള്‍, പ്രതിവിധി, സാധ്യതകള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഡെല്‍ ഇഎംസി ഇന്ത്യ കോമേഴ്‌സ്യല്‍ പ്രസിഡന്റും എംഡിയുമായ അലോക് ഓഹ്രി, എന്‍ട്രിന്‍സ്യ ഇങ്ക് സ്ഥാപകനും സിഇഒയുമായ ദേവദാസ് വര്‍മ്മ, ന്യൂഫോട്ടോണ്‍ ടെക്‌നോളജീസിന്റെ പ്രസിഡന്റും സിഇഒയുമായ രാംദാസ് പിള്ള, യുഎസ്ടി ഗ്ലോബല്‍ സിഇഒ സാജന്‍ പിള്ള, അമേരിക്കയിലെ ടെക്‌സാസിലെ എസ്എംയു എടിആന്‍ഡ് ടി സെന്റര്‍ ഫോര്‍ വെര്‍ച്വലൈസേഷന്‍ ഡയറക്ടര്‍ ഡോ. സുകു നായര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
ലോകത്തിലെ 90 ശതമാനം ഡേറ്റയും സൃഷ്ടിച്ചിരിക്കുന്നത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ്. ഇതിന്റെ അളവ് വരുംവര്‍ഷങ്ങളില്‍ ഭീമമായ വളര്‍ച്ച നേടുകയും ലോകത്തിലെ ഏറ്റവും മൂല്യമേറിയ വിഭവമായി മാറുകയും ചെയ്യും. 2007 ല്‍ ലോകത്തിലെ അഞ്ച് എണ്ണക്കമ്പനികളായിരുന്നു ഏറ്റവും മൂല്യമേറിയതെങ്കില്‍ 2017 ആയപ്പോഴേക്കും ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ പത്തെണ്ണത്തില്‍ ഏഴെണ്ണവും ഡേറ്റവിശകലന കമ്പനികളാണ്.
വിവരശേഖരണത്തിലെ ഈ കുതിച്ചു ചാട്ടം കമ്പനികളെ തന്ത്രപ്രധാനമായ മാറ്റങ്ങളിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ലോകത്തെ ഓരോ ആശയവിനിമയവും പുതിയ ഡേറ്റയ്ക്ക് ജ?ം നല്‍കുമ്പോള്‍ അത് ഡിജിറ്റല്‍ റെക്കോര്‍ഡിലേക്ക് പോകുന്നതിനു പകരം ഡിജിറ്റല്‍ ഇന്റലിജന്‍സിലേക്കാണ് പോകുന്നത്. ഇത് ഇപ്പോള്‍ ഉപയോഗിക്കപ്പെടാതിരിക്കുകയാണ്. എന്നാല്‍ ഇതിനെ സംരംഭകത്വത്തിന്റെ തലത്തില്‍ പരിഗണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് വിപണിയില്‍ കാത്തിരിക്കുന്നത്. നവവിപണിയിലെ പ്രധാനപ്പെട്ട മേഖലയായ ഉപഭോക്തൃസമ്പര്‍ക്കത്തില്‍ ഏറെ ഉപയോഗപ്രദമാണ് ഇത്തരം വിവരങ്ങള്‍. ലോകത്തിന്റെ വിപണി ഇന്റര്‍നെറ്റായി മാറിയ സാഹചര്യത്തില്‍ ഡേറ്റയാണ് ഭാവിയുടെ ഇന്ധനമെന്ന് വിദഗ്ധര്‍ പറയുന്നു.
അടുത്ത അഞ്ച് മുതല്‍ പത്തു വര്‍ഷം വരെയുള്ള വാണിജ്യ സാധ്യതകള്‍ പാനല്‍ ചര്‍ച്ചയില്‍ പ്രതിപാദ്യവിഷയമാകും. ഈ സാധ്യതകളില്‍ കേരളത്തിന് എങ്ങിനെ നേട്ടമുണ്ടാക്കാം എന്നതാകും പ്രധാനം. ഡാറ്റാ വിശകലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും മികച്ച അവസരമാണ് ഭാവിയില്‍ കാത്തിരിക്കുന്നത്. വിവരശേഖരത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കകളുയരുന്നത് പതിവായതുകൊണ്ട് ഇക്കാര്യവും ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്.
ആഗോളതലത്തിലെ ഉന്നതരായ പ്രൊഫഷണലുകള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, സ്വകാര്യവ്യക്തികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിനിധികളാണ് ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ഉച്ചകോടിയിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ തുടരുകയാണ്. www.towardsfuture.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
