By Shyma Mohan.03 10 2022
മുംബൈ: ഏറ്റവും വിലക്കുറവില്‍ ലാപ്‌ടോപ്പ് അവതരിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. മൊബൈല്‍ വിപണിയില്‍ നേടിയ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ 15000 രൂപയ്ക്ക് ലാപ്‌ടോപ്പ് അവതരിപ്പിക്കുകയാണ് റിലയന്‍സ് ജിയോ.
ജിയോ ബുക്ക് എന്ന പേരില്‍ ലാപ്‌ടോപ്പ് 4ജി സിം കാര്‍ഡ് ഉപയോഗിച്ച് എംബഡ് ചെയ്യപ്പെടും. ഈ മാസം മുതല്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ലാപ്‌ടോപ്പ് ലഭ്യമാകും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സാധാരണ ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കുമെന്നാണ് വിവരം. 5ജി പ്രാപ്തമാക്കിയ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
ജിയോബുക്ക് പ്രവര്‍ത്തിക്കുന്നത് ജിയോഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും. മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷനുകളും ലാപ്‌ടോപ്പില്‍ ലഭ്യമാകും. ആം ലിമിറ്റഡിന്റെ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ക്വാല്‍കോം ചിപ്പുകള്‍ ഇത് ഉപയോഗിക്കുമെന്നാണ് അറിയാന്‍ കഴിയുന്ന വിവരം.
ജിയോഫോണിന്റെ അത്രയും വലുതായിരിക്കും ലാപ്‌ടോപ്പ് എന്ന അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ലോഞ്ചിംഗ് പദ്ധതികള്‍ പരസ്യമാക്കുന്നതില്‍ അവര്‍ വിസമ്മതം പ്രകടിപ്പിച്ചു. വിഷയവുമായി ബന്ധപ്പെട്ട് 420 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കാരിയറായ ജിയോ പ്രതികരിച്ചിട്ടില്ല.
റിലയന്‍സ് ടെലികോം യൂണിറ്റായ ജിയോ 2016ല്‍ ഏറ്റവും കിറഞ്ഞ നിരക്കില്‍ 4ജി ഡാറ്റാ പ്ലാനുകളും സൗജന്യ വോയ്‌സ് സേവനങ്ങളും നല്‍കി ലോകത്തെ രണ്ടാം നമ്പര്‍ മൊബൈല്‍ വിപണിയായി ഉയര്‍ന്നതിന്റെ ബഹുമതി കരസ്ഥമാക്കിയിരുന്നു.