ഗുജറാത്തില്‍ സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കും; പ്ലാന്റിനായി വേദാന്ത നിക്ഷേപിക്കുക 1.54 ലക്ഷം കോടി രൂപ

ഗുജറാത്തില്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സെമി കണ്ടക്ടര്‍ പ്ലാന്റിനായി വേദാന്ത ഗ്രൂപ്പും തയ്വാനിലെ ഫോക്‌സ്‌കോണും ചേര്‍ന്ന് നിക്ഷേപിക്കുക 1.54 ലക്ഷം കോടി രൂപ.

author-image
parvathyanoop
New Update
ഗുജറാത്തില്‍ സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കും; പ്ലാന്റിനായി വേദാന്ത നിക്ഷേപിക്കുക 1.54 ലക്ഷം കോടി രൂപ

 

അഹമ്മദാബാദ:  ഗുജറാത്തില്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സെമി കണ്ടക്ടര്‍ പ്ലാന്റിനായി വേദാന്ത ഗ്രൂപ്പും തയ്വാനിലെ ഫോക്‌സ്‌കോണും ചേര്‍ന്ന് നിക്ഷേപിക്കുക 1.54 ലക്ഷം കോടി രൂപ. ആത്മനിര്‍ഭര്‍ ഭാരതിന്റെ കീഴില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും രാജ്യത്തിന്റെ അര്‍ദ്ധചാലക നിര്‍മ്മാണ കാര്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി ഗുജറാത്തിനു ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.

പ്ലാന്റ് രാജ്യത്തെ സാമ്പത്തിക, തൊഴില്‍ മേഖലയ്ക്ക് നിര്‍ണായക ഉണര്‍വുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. വേദാന്തയ്ക്ക് 60%, ഫോക്‌സ്‌കോണ് 40% എന്നിങ്ങനെയാണ് പ്ലാന്റിലെ പങ്കാളിത്തം. സെമി കണ്ടക്ടര്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും 1 ലക്ഷം വിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതിലൂടെ രാജ്യത്ത് തൊഴില്‍ വര്‍ദ്ധിപ്പിക്കാനും പദ്ധതിയ്ക്കാകുമെന്നാണ് പ്രതീക്ഷ.

സെമി കണ്ടക്ടര്‍ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിന്റെ ദിശയില്‍ ഗുജറാത്ത് മുന്‍കൈയെടുക്കുകയും സെമി കണ്ടക്ടറും ഡിസ്‌പ്ലേ ഫാബും നിര്‍മ്മിക്കുന്നതിനായി വേദാന്ത-ഫോക്സ്‌കോണ്‍ ഗ്രൂപ്പുമായി 1.54 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട് എന്ന് മുഖ്യമന്ത്രി ഭൂപേഷ് പട്ടേല്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു.

അഹമ്മദാബാദ് ജില്ലയിലെ ആയിരം ഏക്കറില്‍ ഒരുങ്ങുന്ന പ്ലാന്റില്‍ സെമി കണ്ടക്ടര്‍ യൂണിറ്റ്, ഡിസ്‌പ്ലേ യൂണിറ്റ്, സെമി കണ്ടക്ടര്‍ അസംബ്ലിങ്, ടെസ്റ്റിങ് യൂണിറ്റുകള്‍ എന്നിവയുണ്ടാകും. രണ്ടു വര്‍ഷത്തിനുള്ളില്‍ ഉല്‍പാദനം ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ ഗുജറാത്ത് സര്‍ക്കാരുമായി ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഇലക്ട്രോണിക്‌സ്, ഓട്ടമോട്ടീവ് രംഗത്ത് അവിഭാജ്യ ഘടകമായ സെമികണ്ടക്ടറുകളുടെ ഇന്ത്യയിലെ വിപണി 2021ല്‍ 2720 കോടി ഡോളറിന്റേതായിരുന്നു. 2026ല്‍ ഇത് 6400 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം.

business semi conductor plant gujarat