/kalakaumudi/media/post_banners/3a30b27d359e2b3f36d441f8c3ef95834afadf247491b951f2e1a0e2e148b57e.jpg)
മുംബൈ: നോട്ടുനിരോധനത്തിനു ശേഷം ആദ്യമായി രാജ്യത്തെ ഓഹരി വിപണി സൂചികകള്‍ അഞ്ചു മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി നിര്‍ണായക നിലവാരമായ 8800 കടന്നു. 198 പോയിന്റ് നേട്ടത്തോടെ മുംബൈ സ്റ്റോക് എക്‌സേഞ്ച് സൂചികയായ സെന്‍സെക്‌സ് 28,439 ല്‍ എത്തി നില്‍ക്കുകയാണ്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തോടെ മന്ദഗതിയിലായ ഓഹരി മേഖല ഉണരുന്നത് വിപണിയെ സംബന്ധിച്ച് ശുഭസൂചനയാണ്. നിഫ്റ്റിയില്‍ 60 പോയിന്റാണ് നേട്ടം. അബോട്ട് ഇന്ത്യ,അലഹബാദ് ബാ്ങ്ക്, അഡ്വാന്റാ ലി, അക്‌സോ നോബല്‍ ഇന്ത്യ, അപ്പോളോ ടയേഴ്സ്ലി, അല്‍ഫാ ലാവല്‍ ലി,അറ്റ്‌ല്‌സ് കോര്‍പ്പോ, ബജാജ് കോര്‍പ്പ് ലി, ബിഎ എസ്എഫ് ഇന്ത്യ ലി,ബാറ്റാ ഇന്ത്യ, ബിഇഎംഎല്‍ ലി എന്നിങ്ങനെയുള്ള ടോപ്പ് മിഡ് ക്യാപിലെ ഓഹരികള്‍ പുതിയ ഉയരം കൈവരിച്ചു. സെപ്റ്റംബര്‍ 23 ന്‌ശേഷമുള്ള മികച്ച നിലവാരമാണ് വിപണികളിലുണ്ടായത്. അംബുജ സിമന്റ്‌സ്, സണ്‍ ഫാര്‍മ, എസിസി സിമന്റ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണു മികച്ച മുന്നേറ്റം നടത്തിയത്. മൂന്നു മുതല്‍ 4.5 ശതമാനം വരെയാണ് നേട്ടം. എന്നാല്‍ അദാനി പോര്‍ട്‌സ്, ആക്‌സിസ് ബാങ്ക്, ഭെല്‍, ഡോ. റെഡ്ഡീസ് ലാബ്, സിപ്ല, ഒഎന്‍ജിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളില്‍ വില്‍പനാ സമ്മര്‍ദ്ദം നേരിട്ടു. നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ എസ്ബിഐ ഓഹരിയിലും വ്യാപാരാന്ത്യത്തില്‍ നഷ്ടമുണ്ടായി. എട്ടിനു നടക്കുന്ന റിസര്‍വ് ബാങ്ക് പണനയ അവലോകനത്തിനു മുന്നോടിയായി മറ്റ് ബാങ്കിങ് ഓഹരികളെ തേടി നിക്ഷേപകരെത്തി. 25 ബേസിസ് പോയിന്റ് കുറവാണു വിപണി റിസര്‍വ് ബാങ്കില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ആഗോള വിപണികളിലെ നേട്ടവും ഇന്ത്യന്‍ വിപണികളില്‍ പ്രതിഫലിച്ചു. ബജറ്റിനു മുന്‍പേ തുടങ്ങിയ മുന്നേറ്റം അതേ തോതില്‍ ഓഹരി വിപണികളില്‍ നിലനില്‍ക്കുന്നുണ്ട്. ഡോളറിന് എതിരെ രൂപയുടെ മൂല്യത്തിലും നേട്ടമാണ്. 67 രൂപ 21 പൈസയാണ് ഇപ്പോഴത്തെ മൂല്യം. അതേസമയം സ്വര്‍ണം, ക്രൂഡ് ഓയില്‍ വിലകള്‍ ഇന്ന് ഉയര്‍ന്നു. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കാനിരിക്കെ ഓഹരി വിപണി ഉയര്‍ന്നു വരുന്നത് പ്രതീക്ഷയ്ക്കു വക നല്‍കുന്നതാണ്. കാരണം ജൂണ്‍മാസത്തില്‍ ജി എസ് ടി നടപ്പാക്കുന്നതോടു കൂടി ഇന്ത്യയുടെ വിപണി പുതിയ യുഗത്തിലേക്കു കടക്കുകയും നികുതി ഓഹരി മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവാന്‍ പോവുകയാണ്.