
തിരുവനന്തപുരം: ടൂറിസം പദ്ധതികള്‍ ദ്രുത ഗതിയിലാക്കുന്നതിന്, സംരംഭകര്‍ക്ക് വേഗത്തിലുള്ള അനുമതിയും ലൈസന്‍സും നല്‍കുന്ന ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ടൂറിസം മന്ത്രി റിയാസ്. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായ പ്രമുഖര്‍ക്കും ഓഹരി ഉടമകള്‍ക്കും കഴിഞ്ഞ ദിവസം നടന്ന ടൂറിസം നിക്ഷേപക സംഗമത്തില്‍ (ടിഐഎം) സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' ടൂറിസം മേഖല പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കുന്നതിന് വലിയ രീതിയില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ട്. ഇതിനായി, വികസന സാധ്യതയുള്ള സ്ഥലങ്ങള്‍ ഞങ്ങള്‍ കണ്ടെത്തുകയും അവിടെ പദ്ധതികള്‍ ആരംഭിക്കാന്‍ സ്വകാര്യ സംരംഭകരെ അനുവദിക്കുകയും ചെയ്യുന്നു.' മന്ത്രി പറഞ്ഞു.
ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ സംസ്ഥാനത്തിന്റെ നിലവിലെ ജിഡിപിയായ 12 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ത്താന്‍ 'മിഷന്‍ 2030' മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കും. പദ്ധതിയുടെ വിശദമായ രൂപരേഖ അടുത്ത വര്‍ഷം ആദ്യം പ്രസിദ്ധീകരിക്കും.
'മിഷന്‍ 2030' ന് കീഴിലുള്ള പദ്ധതികള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ഉത്തരവാദിത്ത ടൂറിസം എന്നിവയോട് ചേര്‍ന്നുനില്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സര്‍ക്കാര്‍ പൊതു-സ്വകാര്യ പങ്കാളിത്തം ഉത്തേജിപ്പിക്കുകയും സബ്സിഡികള്‍ വര്‍ദ്ധിപ്പിക്കുകയും ഗ്രാന്റുകള്‍ നല്‍കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നിലവിലെ ആവശ്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും അനുസൃതമായി ടൂറിസം മേഖലയെ നവീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മന്ത്രി, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആറുവരിപ്പാതയുടെ പൂര്‍ത്തീകരണം 2025-ഓടെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
വര്‍ഷം മുഴുവനും സഞ്ചാരികള്‍ക്ക് കേരളത്തെ ആകര്‍ഷകമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ റിയാസ് നിക്ഷേപകരോട് ആഹ്വാനം ചെയ്തു. കേരളത്തിന്റെ ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വ്യവസായം ലോകമെമ്പാടും പഠന വിഷയമായിരിക്കെ, സംസ്ഥാനത്തിന്റെ ഉത്തരവാദിത്ത ടൂറിസം സംരംഭം മറ്റിടങ്ങളിലും മാതൃകയാക്കാന്‍ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
