/kalakaumudi/media/post_banners/7337e46c8b649f8d5e57c33b94764b27449df3bfdfe2acd6b80999ee9cb32954.jpg)
ന്യൂഡല്‍ഹി: ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും പതുക്കെ വളരുന്ന സംസ്ഥാനങ്ങളില്‍ കേരളവും.
2012 സാമ്പത്തിക വര്‍ഷം മുതല്‍ 2021 സാമ്പത്തിക വര്‍ഷം വരെ ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി ഗുജറാത്ത് ഇടംപിടിച്ചു. ഗുജറാത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനം(ജിഎസ്ഡിപി) 8.2 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 2012 സാമ്പത്തിക വര്‍ഷത്തില്‍ 6.16 ലക്ഷം കോടിയായിരുന്നത് 2021 സാമ്പത്തിക വര്‍ഷത്തില്‍ 12.48 ലക്ഷം കോടിയായി വളര്‍ന്നു.
18.89 ലക്ഷം കോടി രൂപയുടെ ജിഎസ്ഡിപിയുള്ള മഹാരാഷ്ട്രയ്ക്ക് പിന്നില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ പ്രധാന സമ്പദ് വ്യവസ്ഥ കര്‍ണ്ണാടകയാണ്. 7.3 ശതമാനമാണ് സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക്.
2021 സാമ്പത്തിക വര്‍ഷത്തില്‍ 5.36 ലക്ഷം കോടി ജിഎസ്ഡിപിയുമായി ഹരിയാന മൂന്നാം സ്ഥാനത്താണ്. 2012 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ ജിഎസ്ഡിപി 2.97 ലക്ഷം കോടി രൂപയായിരുന്നു.
അതിവേഗം വളരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മധ്യപ്രദേശ് നാലാം സ്ഥാനത്തും ആന്ധ്രാപ്രദേശ് അഞ്ചാം സ്ഥാനത്തും അയല്‍ സംസ്ഥാനമായ തെലുങ്കാനയും തമിഴ്‌നാടും യഥാക്രമം ആറും ഏഴും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 12.46 ലക്ഷം കോടിയുടെ ജിഎസ്ഡിപിയാണ് തമിഴ്‌നാടിനുള്ളത്. ഒഡീഷ എട്ടാം സ്ഥാനത്തും ഡല്‍ഹി ഒമ്പതാം സ്ഥാനത്തും രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന പത്താമത്തെ സംസ്ഥാനമായി അസമും ഇടം പിടിച്ചു.
ഇന്ത്യയിലെ ഏറ്റവും പതുക്കെ വളരുന്ന സംസ്ഥാനങ്ങളില്‍ കേരളം, ജമ്മുകാശ്മീരും ജാര്‍ഖണ്ഡും ഇടം നേടി. കേരളത്തില്‍ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 3.9 ശതമാനവും ജമ്മുകാശ്മീരില്‍ 4.1 ശതമാനവും ജാര്‍ഖണ്ഡില്‍ 4.2 ശതമാനവുമാണ്.