കേരളത്തെ മാതൃകയാക്കി തെലങ്കാന വിനോദ സഞ്ചാര വകുപ്പ് : ഇന്ററാക്ടീവ് മീറ്റ് കൊച്ചിയില്‍ സംഘടിപ്പിച്ചു

കേരള സര്‍ക്കാരുമായി പരസ്പര സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രാരംഭ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ വളരെയേറെ മുന്നിലുള്ള കേരളത്തെ മാതൃകയാക്കാനാണ് തെലങ്കാന ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ പൈതൃക സ്മാരകങ്ങളുടെയും ഭക്ഷണ വൈവിധ്യങ്ങളുടെയും ഫെസ്റ്റിവലുകളുടെയും നാടാണ് തെലങ്കാന. ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമാണെങ്കിലും സമ്പന്നമായ വാസ്തു വിദ്യാ പാരമ്പര്യമാണ് തെലങ്കാനയ്ക്കുള്ളത്

author-image
S R Krishnan
New Update
കേരളത്തെ മാതൃകയാക്കി തെലങ്കാന വിനോദ സഞ്ചാര വകുപ്പ് : ഇന്ററാക്ടീവ് മീറ്റ് കൊച്ചിയില്‍ സംഘടിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ ഇരുപത്തൊന്‍പതാമത് സംസ്ഥാനമായ തെലങ്കാനയുടെ വിനോദ സഞ്ചാര വികസനത്തിനായി വിവിധ നടപടികള്‍ തെലങ്കാന സര്‍ക്കാര്‍ സ്വീകരിച്ചുവരകിയാണെന്ന് തെലങ്കാന സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി ബി. വെങ്കിടേശം ഐഎഎസ്. തെലങ്കാന ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ ഇന്ററാക്ടീവ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാരികളെ വിവിധ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് സത്വര പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി തെലുങ്കാനയെ വ്യത്യസ്തമായ ബ്രാന്‍ഡായി അവതരിപ്പിക്കുകയും പുതിയ ലോഗോ ജനങ്ങളിലെത്തിക്കുകയുമാണ് ആദ്യപടി. കേരള സര്‍ക്കാരുമായി പരസ്പര സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രാരംഭ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ വളരെയേറെ മുന്നിലുള്ള കേരളത്തെ മാതൃകയാക്കാനാണ് തെലങ്കാന ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ പൈതൃക സ്മാരകങ്ങളുടെയും ഭക്ഷണ വൈവിധ്യങ്ങളുടെയും ഫെസ്റ്റിവലുകളുടെയും നാടാണ് തെലങ്കാന. ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമാണെങ്കിലും സമ്പന്നമായ വാസ്തു വിദ്യാ പാരമ്പര്യമാണ് തെലങ്കാനയ്ക്കുള്ളത്. നിസാം രാജാവിന്റെ കാലത്തെ കൊട്ടാരങ്ങള്‍, അവിടുത്തെ നൂറുപേര്‍ക്കിരിക്കാവുന്ന ഊണുമേശ, തദ്ദേശവാസികള്‍ നിര്‍മ്മിക്കുന്ന കരകൗശല ഉത്പന്നങ്ങള്‍, സ്ത്രീകള്‍ മാത്രം ആഘോഷിക്കുന്ന ലോകത്തിലെ ഏക പൂക്കളുടെ ഫെസ്റ്റിവലായ ബാത്തുകാമ തുടങ്ങി നിരവധി കാഴ്ച വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് സംസ്ഥാനം.

ഹൈദരാബാദിനെ ലോക വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്തുകയും സംസ്ഥാനത്തെ അറിയപ്പെട്ടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനുമാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും തീം ബേസ്ഡ് ടൂറിസം സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കാനും സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോ പോലുള്ള പ്രത്യേക ടൂറിസം പദ്ധതികള്‍ നടപ്പാക്കാനുമായി കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ പിന്തുണയും ധനസഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രകൃതി സ്‌നേഹികളായ സഞ്ചാരികള്‍ക്കായി, ശ്രീ ശൈലം-നാഗാര്‍ജുന സാഗര്‍ (അമരാബാദ് വന്യജീവി സങ്കേതം), കാവല്‍ (അദിലാബാദ് ജില്ല), കിന്നേര്‍സാനി (ഖാമം ജില്ല), കദേം റിസര്‍വോയര്‍ (അദിലാബാദ് ജില്ല) എന്നീ ഇക്കോ-ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് തെലങ്കാന ടൂറിസം.

കൂടാതെ, വാറങ്കലില്‍ ട്രൈബല്‍ സര്‍ക്യൂട്ടും യാദഗിരിഗുട്ട (നല്‍ഗോണ്ട ജില്ല) ആത്മീയ വിനോദ സഞ്ചാര കേന്ദ്രമായും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വിശാലമായ ആദിവാസി അധിവാസ മേഖലകളാല്‍ അനുഗൃഹീതമായ തെലങ്കാന കലയിലും കരകൗശല വസ്തുക്കളാലും സമ്പന്നമാണ്. ആദിവാസി കേന്ദ്രങ്ങളുടെ വികസനത്തിനായി അവരുടെ ജീവിതാന്തരീക്ഷത്തിനു ഭംഗം വരുത്താതെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതുവഴി പ്രാദേശിക കലാരൂപങ്ങളെയും കരകൗശല വസ്തുക്കളെയും പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. പുരോഗമനപരവും നിക്ഷേപ-സൗഹൃദ നയങ്ങളും മൂലം നിക്ഷേപകരെ ആകര്‍ഷിക്കുന്ന കേന്ദ്രമായി തെലങ്കാന വളരുകയാണ്. തെലങ്കാന ടൂറിസത്തിന്റെ കണക്കുപ്രകാരം 2016 ഡിസംബര്‍ വരെ 7.14 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് തെലങ്കാനയിലെത്തിയത്. 2015 ല്‍ 9.45 കോടി സഞ്ചാരികളും 2014 ല്‍ 7.23 പേരും സംസ്ഥാനത്തെത്തി. 2016 ഡിസംബര്‍ വരെ 1.67 ലക്ഷം വിദേശ സഞ്ചാരികളും ഇവിടെയെത്തി. 2015 ല്‍ 1.26 ലക്ഷവും 2014 ല്‍ 0.75 ലക്ഷവും വിദേശ സഞ്ചാരികളാണെത്തിയത്.

അയല്‍ സംസ്ഥാനമായ ആന്ധ്ര പ്രദേശുമായി സഹകരിച്ച് റിവര്‍ ടൂറിസത്തിന്റെ വികസനത്തിനായി ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഭദ്രാചലത്തെ പാപ്പികൊണ്ടലുവില്‍ ബോട്ടിംഗ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നാഗാര്‍ജുന സാഗറില്‍ ബോട്ടിംഗ് തുടങ്ങുന്നതിനുള്ള നിര്‍ദേശവും സമര്‍പ്പിച്ചുകഴിഞ്ഞു.
ഹൈദരാബാദിനു പുറമേ നിരവധി പൈതൃക സ്മാരക കേന്ദ്രങ്ങളാണ് തെലങ്കാനയിലുള്ളത്. കക്കാട്ടിയ ഫോര്‍ട്ട്, രാമപ്പ ക്ഷേത്രം, ആത്മീയ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന വാറങ്കലിലെ ആയിരം തൂണുകളുളള ക്ഷേത്രം, ഖാമം ജില്ലയിലെ ഭദ്രാചലത്തുള്ള ശ്രീരാമ ക്ഷേത്രം, മഹ്ബൂബ്് നഗര്‍ ജില്ലയിലെ 18 ശക്തി പീഠങ്ങളിലൊന്നായ ജോഗുലാംബ ക്ഷേത്രം, നല്‍ഗൊണ്ട ജില്ലയിലെ കോലനുന്‍പക്ക ജെയിന്‍ ക്ഷേത്രം, ഹാദരാബാദിലെ മെക്ക മസ്ജിദ്, മേഡക്ക് ജില്ലയിലെ മേഡക്ക് പള്ളി തുടങ്ങിയ ആരാധാനാ കേന്ദ്രങ്ങളും ഇവിടെയുണ്ട്. ചാര്‍മിനാര്‍, ഗോല്‍ക്കൊണ്ട ഫോര്‍ട്ട്, ഖുത്തബ് ഷാഹി ശവകുടീരം, ചൗമഹല്ല കൊട്ടാരം, പൈഗ ശവകുടീരം തുടങ്ങി കാക്കട്ടിയ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്ന വാറങ്കല്‍ വരെ സമ്പന്നമായ പൈതൃക കേന്ദ്രങ്ങളുള്ള ഹൈദരാബാദ് നഗരം തെലുങ്കാനയുടെ അനുഗ്രഹമാണ്. ഹൈദരാബാദിലെയും വാറങ്കലിലെയും പൈതൃക കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി വിവിധ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിച്ചു വരികയാണ് തെലുങ്കാന ടൂറിസം. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ധനസഹായത്തോടെ വിവിധ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കി വരികയാണ് സര്‍ക്കാര്‍.

ഡിജിറ്റല്‍ മേഖലയുടെ വികസനം ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് നല്‍കുന്നത്. ഗതാഗത, താമസ സൗകര്യ കമ്പനികള്‍ ഈ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടെക്‌നിക്ക് പരമാവധി ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യവും സേവനവും ഉറപ്പാക്കുന്നു. ഓരോ സഞ്ചാരികളുടെയും ആവശ്യങ്ങള്‍ പരിഗണിക്കാനും അവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും തെലുങ്കാന ടൂറിസം ഏറ്റവും പുതിയതും മികച്ചതുമായ വഴികള്‍ തേടുകയാണ്. സ്വകാര്യ മേഖലയുടെയും തെലങ്കാന സ്‌റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും ഉടമസ്ഥതയിലുള്ള പ്രശസ്തമായ നിരവധി ഹോട്ടലുകളും അടിസ്ഥാന സൗകര്യങ്ങളുമാണ് ഹൈദരാബാദിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ളത്. ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സംസ്ഥാനത്തിനകത്തും പുറത്തമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന കൂടുതല്‍ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹോട്ടലുകള്‍, വഴിയോര സൗകര്യങ്ങള്‍, ടൂറിസ്റ്റ് പാക്കേജുകള്‍, ബോട്ടിംഗ്, സൗണ്ട്&ലൈറ്റ് ഷോ തുടങ്ങി വിവിധ പരിപാടികളാണ് സര്‍ക്കാര്‍ തയാറാക്കുന്നത്. കേരളത്തിലെ വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.

Tourism