/kalakaumudi/media/post_banners/83587833b7c5e96b6b616adf8dc25d772605731b09a4620b4e1220f99f09dcc6.jpg)
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 1140.14 കോടി രൂപയുടെ സംയോജിത വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1059.17 കോടി രൂപയില്‍ നിന്ന് 7.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. സംയോജിത അറ്റാദായം 52.73 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 89.58 കോടി രൂപയായിരുന്നു.
2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 4126.04 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 3500.19 കോടി രൂപയില്‍ നിന്നും 17.9 ശതമാനം വളര്‍ച്ച നേടി. 2022-23 സാമ്പത്തിക വര്‍ഷം കമ്പനിയുടെ സംയോജിത അറ്റാദായം 189.05 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 228.44 കോടി രൂപയായിരുന്നു.
ഇലക്ട്രോണിക്സ്, ഡ്യൂറബിള്‍സ് വിഭാഗങ്ങളില്‍ ശക്തമായ വളര്‍ച്ചയാണ് പോയ സാമ്പത്തിക വര്‍ഷം നേടിയതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. 'സുപ്രധാന വിഭാഗങ്ങളില്‍ സുസ്ഥിര വളര്‍ച്ചയുണ്ട്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 45 ശതമാനവും വടക്കന്‍ മേഖലകളില്‍ നിന്നാണ്. ഈ മേഖലയില്‍ 26 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇന്‍പുട്ട് ചെലവുകളില്‍ നേരിയ തോതിലുണ്ടായ കുറവിന്റെ ഫലമായി മാര്‍ജിനുകളില്‍ പുരോഗതിയുണ്ട്. ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.
നാലാം പാദത്തില്‍ സണ്‍ഫ്‌ലെയിം ഏറ്റെടുക്കലും സിമോണ്‍ ലയനവും പൂര്‍ത്തിയാക്കി. ബിസിനസ് സംയോജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.