/kalakaumudi/media/post_banners/d15e430aa952eee5492673455a9374e3eb92ff11ec789a6a67dcc149d5741a53.jpg)
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ റിന്യൂവബിള്‍ എനര്‍ജി നിര്‍മ്മാതാക്കളായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഏഷ്യയില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ റിന്യൂവബിള്‍ എനര്‍ജി മേഖലയിലെ മികച്ച 10 കമ്പനികളുടെ പട്ടികയിലും ഇടം നേടി. ഐഎസ്എസ് ഇഎസ്ജി റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് പ്രൈം ബിപ്ലസ് റാങ്കിംഗാണ് നല്‍കിയിരിക്കുന്നത്.
കമ്പനിയുടെ മികച്ച നിലവാരത്തിലുള്ള പ്രവര്‍ത്തനവും സുതാര്യമായ ഇടപാടുമാണ് റാങ്കിംഗിലേക്കായി പരിഗണിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തോടെ കമ്പനി ലോകോത്തര കമ്പനികളില്‍ മുന്നില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.
8,216 മെഗാവാട്ടിന്റെ പ്രവര്‍ത്തന ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂന്നിയും, പാരിസ്ഥിതിക സൗഹൃദ നയങ്ങള്‍ രൂപീകരിച്ചും ഗുണഭോക്തൃ പ്രതിബദ്ധത ഉറപ്പാക്കിയും മുന്നോട്ടുപോയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എംഡി വിനീത് എസ് ജെയിന്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും ജീവന്റെ നിലനില്‍പ്പും പരിഗണിച്ച് ലോക രാഷ്ട്രങ്ങള്‍ ഗ്രീന്‍ എനര്‍ജിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗൗതം അദാനി ഗ്രൂപ്പ് റിന്യൂവബിള്‍ എനര്‍ജി രംഗത്ത് ചുവടുറപ്പിച്ചത്. ഈ നവീന ഊര്‍ജ രംഗത്തേക്കെത്താന്‍ അദാനി ഗ്രൂപ്പ് 7000 കോടി യുഎസ് ഡോളറാണ് മുതല്‍ മുടക്കിയത്. അടുത്ത പത്ത് വര്‍ഷത്തെ ഗ്രീന്‍ എനര്‍ജി ഉല്‍പാദന പരിപാടികള്‍ക്കാണ് ഈ തുക ചെലവഴിക്കുന്നത്. റിന്യൂവബിള്‍ എനര്‍ജി രംഗത്തേക്കുള്ള മാറ്റം 2030 ആകുമ്പോള്‍ 70 ശതമാനത്തില്‍ എത്തിക്കാനാണ് നീക്കം.
അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡും ശക്തമായ പിന്തുണയുമായി കൂടെയുണ്ട്. ഗ്രീന്‍ ഹൈഡ്രജന്‍ പ്രോജക്ട്, ലോ കാര്‍ബണ്‍ ഇലക്ട്രിസിറ്റി ഉല്‍പാദനം, വിന്‍ഡ് ടര്‍ബൈന്‍ നിര്‍മാണം, സോളര്‍ മോഡ്യൂള്‍ ഉല്‍പാദനം, പുതുതലമുറ ബാറ്ററികളുടെ ഉല്‍പാദനം, ചെലവ് കുറഞ്ഞ രീതിയില്‍ റിന്യൂവബിള്‍ എനര്‍ജിയെ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരമാക്കുക തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങള്‍.