/kalakaumudi/media/post_banners/5686117875f0b802f350b9821fb751593f230f7a59156d1acab3bd1e35c0d25c.jpg)
ന്യൂഡല്‍ഹി: ബിഹാറില്‍ 8700 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങി അദാനി ഗ്രൂപ്പ്. സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനായാണ് കമ്പനി പദ്ധതിയിടുന്നത്. ഇത് ഏകദേശം 10000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദാനി എന്റര്‍പ്രൈസസ് ഡയറക്ടര്‍ പ്രണവ് അദാനി വ്യക്തമാക്കി. ബിഹാര്‍ ബിസിനസ് കണക്ട് 2023 ന്റെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരുന്നതിനും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യവസായ പ്രമുഖരുമായി ബിഹാര്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് ബിഹാര്‍ ബിസിനസ് കണക്ട് 2023.
ബിഹാറിനെ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമായാണ് കാണുന്നത്. സംസ്ഥാനത്തെ സാമൂഹിക പരിഷ്‌കരണങ്ങള്‍, ക്രമസമാധാന നില, സാക്ഷരത, സ്ത്രീ ശാക്തീകരണം എന്നിവയില്‍ മാറ്റം ദൃശ്യമാണെന്നും അദാനി പറഞ്ഞു. ബിഹാറില്‍ ലോജിസ്റ്റിക്സ്, ഗ്യാസ് വിതരണ മേഖലകളില്‍ കമ്പനി 850 കോടി രൂപ നിക്ഷേപം നടത്തിയിരുന്നു. ഇതിലൂടെ 3,000 ത്തോളം തൊഴിലവസരങ്ങള്‍ നേരിട്ടും അല്ലാതെയും സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലേക്ക് ഫുഡ് ആന്‍ഡ് ബിവറേജസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംയുക്ത സംരംഭമായ അദാനി വില്‍മര്‍ ഗ്രൂപ്പിനെ കൊണ്ടുവരാനും സിമന്റ് നിര്‍മ്മാണം ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. സിമന്റ് നിര്‍മ്മാണ പദ്ധതികള്‍ 10 ദശലക്ഷം മെട്രിക് ടണ്‍ ലക്ഷ്യമിടുന്നതായും ഇത് ഏകദേശം 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ നിര്‍മാണമാണ് ഗ്രൂപ്പ് നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്ന മറ്റൊരു മേഖല. ഈ സംരംഭത്തിന് കീഴില്‍ അഞ്ച് നഗരങ്ങളിലായി 28 ലക്ഷം മീറ്റര്‍ സ്ഥാപിക്കുമെന്നും അദാനി കൂട്ടിച്ചേര്‍ത്തു.