എയര്‍പോര്‍ട്ട് വിപുലീകരണം; 60,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി

വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്.

author-image
anu
New Update
എയര്‍പോര്‍ട്ട് വിപുലീകരണം; 60,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി

 

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ വിമാനത്താവളങ്ങളുടെ ശേഷി വര്‍ധിപ്പിച്ച് കമ്പനിയുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് എയര്‍സൈഡിനായി 30,000 കോടി രൂപ ചെലവഴിക്കുമെന്നും അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ സിറ്റി സൈഡിന് 30,000 കോടി രൂപ നിക്ഷേപിക്കുമെന്നും അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു. തിരുവനന്തപുരത്തിന് പുറമേ മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം, ഗുവാഹത്തി, ജയ്പൂര്‍, എന്നീ വിമാനത്താവളങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

റണ്‍വേകള്‍, കണ്‍ട്രോള്‍ ടവറുകള്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയ വിഭാഗമാണ് എയര്‍സൈഡില്‍ ഉള്‍പ്പെടുന്നത്. എയര്‍സൈഡ് എന്നത് ബോര്‍ഡിംഗ് പാസുകളുള്ള യാത്രക്കാര്‍ക്ക് മാത്രം പ്രവേശനം ഉള്ള വിമാനത്താവളത്തിലെ സുരക്ഷിത മേഖലയാണ്, അതേസമയം ആര്‍ക്കും പ്രവേശനം ഉള്ള വിമാനത്താവളത്തിന്റെ പൊതു ഇടമാണ് സിറ്റിസൈഡ്. യാത്രക്കാര്‍ക്കായി വിമാനത്താവളത്തിന് ചുറ്റുമുള്ള വാണിജ്യ സൗകര്യങ്ങള്‍ ഇതിന് കീഴില്‍ വരുന്നു.

വിമാനത്താവളങ്ങളുടെ സിറ്റിസൈഡുമായി ബന്ധപ്പെട്ട്, ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ഭക്ഷണശാലകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വികസനപദ്ധതിയാണ് അദാനി ആലോചിക്കുന്നത്.

airport invest business Adani Group