/kalakaumudi/media/post_banners/e29fbe277a313ed55df5224d406f89adba20808cbda4cde2bd45d831a0dbac37.jpg)
കൊച്ചി: മുംബൈ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്സിന് കളമശേരിയില്‍ സൈബര്‍ സിറ്റി നിര്‍മിക്കുന്നതിന് വേണ്ടി കൈമാറിയ എച്ച്.എം.ടിയുടെ 70 ഏക്കറില്‍ ലോജിസ്റ്റിക് പാര്‍ക്ക് തുടങ്ങാന്‍ അദാനി ഗ്രൂപ്പ്.
സൈബര്‍ സിറ്റി ആരംഭിക്കാന്‍ എന്ന പേരിലാണ് 2007 ഫെബ്രുവരിയില്‍ എച്ച്.എം.ടിയുടെ ഭൂമി ബ്ലൂസ്റ്റാര്‍ സ്വന്തമാക്കിയത്.ഭൂമി മറിച്ചുവിറ്റ് ലാഭമുണ്ടാക്കാനുള്ള ശ്രമം സുപ്രീം കോടതി തടഞ്ഞതിനെ തുടര്‍ന്ന് ബ്ലൂസ്റ്റാര്‍ പിന്‍വാങ്ങിയിരുന്നു.
എന്നാല്‍, അദാനി എന്റര്‍പ്രൈസസ് 2018-ല്‍ ബ്ലൂസ്റ്റാര്‍ കമ്പനി ഏറ്റെടുത്തപ്പോള്‍ 70 ഏക്കറിന്റെ അവകാശവും അവര്‍ക്ക് ലഭിച്ചു. ഇതിന് ശേഷം 4 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴാണ് അദാനി ഇവിടെ ഗോഡൗണുകള്‍ അടക്കം നിര്‍മിക്കാനുള്ള നിലമൊരുക്കിത്തുടങ്ങിയത്.
ബ്ലൂസ്റ്റാറിന് ഏകജാലകം വഴി സൈബര്‍ സിറ്റി ആരംഭിക്കാന്‍ ലഭിച്ച അനുമതിയുടെ കാലാവധി അവസാനിച്ചു. വ്യവസായപരിധിയില്‍പ്പെടുത്തി ലോജിസ്റ്റിക് സെന്റര്‍ വികസിപ്പിച്ച് നിയമതടസം മറികടക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.
ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്സിനെ വിലയ്ക്കുവാങ്ങാന്‍ അദാനി എത്ര കോടി മുടക്കിയെന്നു വ്യക്തമല്ലെന്ന് ബ്ലൂസ്റ്റാര്‍ മുന്‍ സി.ഇ.ഒ: കെ.വി. ജോണ്‍ പറഞ്ഞു.
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്റര്‍ തുടങ്ങിയ സംഘടനകള്‍ നിയമപോരാട്ടം നടത്തിയതോടെയാണ് കോടതിവിധി എതിരായതിനെ തുടര്‍ന്ന് ബ്ലൂസ്റ്റാര്‍ സ്ഥലം വില്‍ക്കാനുള്ള നീക്കം ഉപേക്ഷിച്ചത്.
പിന്നീട് ബ്ലൂസ്റ്റാറിന്റെ മുഴുവന്‍ ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി.അദാനിഎന്റര്‍പ്രൈസസാണ് ബ്ലൂസ്റ്റാറിന്റെ മാതൃസ്ഥാപനമായ ഹൗസിങ് ഡെവലപ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡി(എച്ച്.ഡി.ഐ.എല്‍)ന്റെ മുംബൈ അന്ധേരിയിലുള്ള രണ്ടേക്കര്‍ സ്ഥലം 900 കോടി രൂപയ്ക്കു വാങ്ങിയത്.