എയർടെൽ റോമിങ്ങ് ചാർജ് ഒഴിവാക്കി

രാജ്യത്തെ ടെലികോം മേഖലയിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ മത്സരങ്ങൾ നടക്കുന്നത്. റിലയന്‍സ് ജിയോ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ സൗജന്യ ഡാറ്റയും കോളുകളുമാണ് ജനങ്ങള്‍ക്കായി അവതരിപ്പിച്ചത്

author-image
BINDU PP
New Update
എയർടെൽ റോമിങ്ങ് ചാർജ് ഒഴിവാക്കി

ദില്ലി : രാജ്യത്തെ ടെലികോം മേഖലയിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ മത്സരങ്ങൾ നടക്കുന്നത്. റിലയന്‍സ് ജിയോ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ സൗജന്യ ഡാറ്റയും കോളുകളുമാണ് ജനങ്ങള്‍ക്കായി അവതരിപ്പിച്ചത്. ഇത് മറ്റ് കമ്പനികളുടെ വിപണിയില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ടെലികോം ഉപയോക്താക്കള്‍ മറ്റ് നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് പോലും റിലയന്‍സ് ജിയോയിലേക്ക് മാറുന്ന സ്ഥിതി വിശേഷം ഉണ്ടാക്കിയെടുത്തു.

റിലയന്‍സ് ജിയോയ്‌ക്കെതിരായ മത്സരത്തില്‍ എയര്‍ടെല്ലാണ് ഉപയോക്താക്കള്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ നല്‍കി ചെറുത്ത് നില്‍ക്കുന്നത്. രാജ്യത്തകമാനം ഡേറ്റയ്ക്കും, കോളുകള്‍ക്കും സൗജന്യ റോമിങ്ങ് സേവനം നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് എയര്‍ടെല്‍. ടെലികോം രംഗത്ത് മത്സരങ്ങള്‍ കടുപ്പിക്കുന്ന നീക്കമാണ് എയര്‍ടെല്‍ നടത്തി കൊണ്ടിരിക്കുന്നത്. ദേശീയ തലത്തില്‍ സൗജന്യ റോമിങ്ങ് നേടുന്നതിന് ഉപയോക്താക്കള്‍ യാതൊരുവിധ റീച്ചാര്‍ജുകളും ചെയ്യേണ്ടതായിട്ടില്ല.

വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ആളുകള്‍ എയര്‍ടെല്‍ സേവനം തുടര്‍ന്നും ഉപയോഗിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ റോമിങ്ങ് ആനുകൂല്യങ്ങള്‍ ഇന്റെര്‍നെറ്റിലൂടെ ആക്റ്റിവേറ്റ് ചെയ്യുവാന്‍ സാധിക്കുമെന്നും എയര്‍ടെല്‍ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ടെല്ലിന്റെ ഈ നടപടികള്‍ 268ലക്ഷം ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നതാണ്.

airtel