/kalakaumudi/media/post_banners/1a3f5fa8ffab72d25c8252835405140ef9f9848fbce5956aeb1d7964d4bc87a0.jpg)
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഇന്ത്യയുടെ(ജിഐസി) തലപ്പത്തെ ആദ്യ വനിതയായ മലയാളി ആലീസ് ജി. വൈദ്യന്‍ വിരമിച്ചു. ഇന്‍ഷുറന്‍സ്, റീ ഇന്‍ഷുറന്‍സ് മേഖലയില്‍ 30 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ആലീസ് വൈദ്യന്‍ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയിലാണ് ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ടത്. 2008ല്‍ ജിഐസിയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചു. 2016 ജനുവരിയില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി.
ഇന്‍ഷുറന്‍സ് കമ്പനികളുടെ ബിസിനസിന് സുരക്ഷ നല്‍കുന്ന റീ ഇന്‍ഷുറന്‍സ് കമ്പനിയായ ജിഐസിയെ ലോകത്തെ മുന്‍നിര റീ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായി വളര്‍ത്താനും ലാഭവിഹിതത്തില്‍ വന്‍കുതിപ്പുണ്ടാക്കാനും ആലീസിനായി. വിദേശ രാജ്യങ്ങളില്‍ ജിഐസിയുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും ഫലം കണ്ടു. ഇന്ത്യയ്ക്കും യുകെയ്ക്കുമിടയിലെ ഇന്‍ഷുറന്‍സ് ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയതിനുള്ള അംഗീകാരമായി അവര്‍ക്ക് ഫ്രീഡം ഓഫ് ദ് സിറ്റി ഓഫ് ലണ്ടന്‍ പുരസ്‌കാരം നല്‍കിയിരുന്നു. 2018ല്‍ ലോകത്തെ അതിശക്തരായ വനിതകളില്‍ നാലാമതായി യുഎസിലെ ഫോര്‍ച്യൂണ്‍ മാസിക തിരഞ്ഞെടുത്തു. ആലപ്പുഴ ചെന്നിത്തല സ്വദേശിയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
