/kalakaumudi/media/post_banners/b2271b9df17de4a3b2e82545b5b4661c09ebd34b577b8dcb90958835d042228c.jpg)
ദില്ലി: നോട്ട് പിൻവലിക്കൽ രാജ്യത്ത് മൊത്തം സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു ഒടുവിൽ ഉത്പാദനമേഖലയിലും ഇടിവ് രേഖപ്പെടുത്തി.രാജ്യത്തെ ഉത്പാദനമേഖലയുടെ വളര്‍ച്ചയില്‍ വൻ ഇടിവ്. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയാണ് ഉത്പാദനമേഖലയെ സ്വാധീനിച്ചത്. രാജ്യത്തെ ഉത്പാദനമേഖലയെ അടിസ്ഥാനമാക്കിയുളള നിക്കിയുടെ മാന്യൂഫാക്ച്ചറിങ് പര്‍ച്ചെയ്‌സിങ് സൂചിക നവംബറില്‍ 52.3 പോയിന്റായിട്ടാണ് താഴ്ന്നത്.
മുന്‍ മാസം സൂചിക 22 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. 54.4 പോയിന്റായിരുന്നു ഒക്ടോബറിലെ സൂചിക. തുടര്‍ന്ന് ആഭ്യന്തര ഉപഭോഗം താഴ്ന്നത് ഉള്‍പ്പെടെയുളള കാരണങ്ങള്‍ നവംബറിലെ സൂചികയെ ബാധിക്കുകയായിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടി ആഭ്യന്തര ഉപഭോഗത്തിന് പുറമേ ഉത്പാദനം, പുതിയ ഓര്‍ഡറുകള്‍ എന്നീ രംഗങ്ങളെയും ബാധിച്ചു. നാണ്യപ്പെരുപ്പം നിയന്ത്രണവിധേയമായ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെയാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുമെന്ന കരുതുന്ന ഉത്പാദനമേഖല മന്ദഗതിയിലായത്.
500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതോടെ സൃഷ്ടിക്കപ്പെട്ട പണദൗര്‍ലഭ്യമാണ് ഉത്പാദകരെ കാര്യമായി ബാധിച്ചത്. ഇത് പുതിയ ഓര്‍ഡറുകളുടെ വളര്‍ച്ചയെയും കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എങ്കിലും സൂചിക 50 പോയിന്റിന് മുകളിലാണെന്നത് ആശ്വാസം നല്‍കുന്നു. 50 പോയിന്റിന് മുകളില്‍ സൂചിക രേഖപ്പെടുത്തുന്നത് വളര്‍ച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
