കെട്ടിട നികുതി വർഷംതോറും അഞ്ചു ശതമാനം വർധിപ്പിക്കും; ഏപ്രിൽ ഒന്ന്​ മുതൽ

By Lekshmi.22 03 2023

imran-azhar

 

 

തിരുവനന്തപുരം: കെട്ടിട നികുതി വർഷം തോറും അഞ്ച് ശതമാനം വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന ധനകാര്യ ബിൽ നിയമസഭ പാസാക്കി.ഏപ്രിൽ ഒന്നിന് നിലവിൽ വരും.ഓരോ അഞ്ചു വർഷത്തിലും തദ്ദേശ സ്ഥാപനങ്ങൾക്ക് കെട്ടിട നികുതി പുനർനിർണയിക്കാം.ഭൂമിയുടെ ന്യായവിലയെയും നികുതി നിർണയത്തിൽ അവലംബമാക്കും.ബജറ്റിലെ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ് നിരക്ക് വർധന.

 

 


അതേസമയം, ഒരാളുടെ ഒന്നിലധികമുള്ള വീടിന് ഉയർന്ന നികുതിയെന്ന പ്രഖ്യാപനം ഒഴിവാക്കി.പഞ്ചയത്തീരാജ്-നഗരപാലിക നിയമത്തിലാണ് ഭേദഗതി.ഭൂമിയുടെ ന്യായവില കൂടി അടിസ്ഥാനമാക്കിയാൽ ഭാവിയിൽ നികുതി നിർണയ രീതി മാറുന്നതിന് വഴിയൊരുക്കും.കൂടുതൽ ബാധ്യത ഉടമകൾക്ക് വരുകയും ചെയ്യും.നികുതി നിർണയത്തിനായി കെട്ടിടത്തിലെ മേൽക്കൂരയുള്ള ഏതെങ്കിലും ഭാഗത്തെ ഒഴിവാക്കുകയോ മേൽക്കൂരയില്ലാത്ത ഭാഗത്തെ ഉൾപ്പെടുത്തുകയോ മേൽക്കൂരയുള്ളതും ചുമരില്ലാത്തുമായ ഏതെങ്കിലും ഭാഗത്തെ ഉൾപ്പെടുത്തുകയോ ചെയ്യാം.

 

 

 


തറ വിസ്തീർണത്തിന്‍റെ അടിസ്ഥാനത്തിലോ ഭൂമിയുടെ ന്യായ വില ഉൾപ്പെടെ ഏതെങ്കിലും ഘടകങ്ങളുടെ അടിസ്ഥാനത്തിലോ നിരക്കുകൾ നിശ്ചിയിക്കാം.പുതിയതും പുതുക്കിപ്പണിതതും ഉപയോഗത്തിൽ മാറ്റം വരുത്തിയതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ സെക്രട്ടറി നികുതി നിശ്ചയിച്ച് തുടർനടപടി എടുക്കും.അഞ്ചു ശതമാനം വീതം വർധനയുടെ കാര്യം ഡിമാൻഡ് നോട്ടീസിൽ ഉൾപ്പെടുത്തണം.

 

 

 

ഇതല്ലാത്ത കെട്ടിടങ്ങൾക്കും വർഷം അഞ്ച് ശതമാനം വരുന്ന വർധന ഡിമാൻഡ് നോട്ടീസിൽ ഉൾപ്പെടുത്തും.തറ വിസ്തീർണം, ഭൂമിയുടെ തറവില, നിർമിതിയുടെ ഏതെങ്കിലും ഘടകം എന്നിവയുടെ പേരിലോ ഇവ എല്ലാറ്റിന്‍റേയുമോ അടിസ്ഥാനത്തിൽ കെട്ടിട നികുതി കണക്കാക്കാം.സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്കും ഹോസ്റ്റലുകൾക്കും കളിസ്ഥലങ്ങൾക്കും വായനശാലകൾക്കും ഇളവുണ്ട്.

 

 

 


സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളുകൾക്കും കെട്ടിടങ്ങൾക്കും ഇളവുണ്ടാകില്ല. വീട്ടുടമസ്ഥൻ താമസിക്കുന്ന 60 ചതുരശ്ര മീറ്ററിൽ കൂടാത്ത വീടുകൾക്ക് ഇളവുണ്ടാകും.കെട്ടിക നികുതി, ഫീസ് എന്നിവ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ഒന്നിൽനിന്ന് രണ്ടു ശതമാനമായി ഉയർത്തി.കുടിശ്ശിക പൊതുനികുതി കുടിശ്ശിക എന്ന പോലെ ഈടാക്കും.തദ്ദേശ സെക്രട്ടറിക്ക് വാറന്‍റ് പ്രകാരം വീഴ്ച വരുത്തുന്നവരുടെ ജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് വിറ്റ് നേരിട്ട് ഈടാക്കാം.

 

 

OTHER SECTIONS