/kalakaumudi/media/post_banners/87190c81b2a3463610c400ecad7c6bbd9498837e102d53f634e2c3848c13c67f.jpg)
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കി നൂറിലധികം നിക്ഷേപകര്‍ കേരളത്തിലെത്തുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തോടനുബന്ധിച്ചാണ് നിക്ഷേപകര്‍ എത്തുന്നത്. ഡിസംബര്‍ 15, 16 തിയതികളില്‍ ദി ലീല, റാവിസ് കോവളം ഹോട്ടലില്‍ നടക്കുന്ന സംഗമം 15 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങളെയും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെയും കുറിച്ചുള്ള കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് 2022 മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
ഹഡില്‍ ഗ്ലോബലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം പേര്‍ പങ്കെടുക്കും. സമൂഹിക പ്രസക്തിയുള്ള കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനും അതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമുള്ള നയരൂപീകരണത്തിനായി റൗണ്ട് ടേബിള്‍ ചര്‍ച്ചയും നടത്തും. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ പേരില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യൂനുസ് സോഷ്യല്‍ ഫണ്ട് ബെംഗളൂരു, ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച 3 ന് നടത്തുന്ന പരിപാടിയിലൂടെ സംസ്ഥാനത്ത് ഒരു സോഷ്യല്‍ സ്റ്റാര്‍ട്ടപ്പ് പോളിസി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിയുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഗ്രാമീണ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സംരംഭകരുടെ വിപണന മൂല്യമുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശനം ഹഡില്‍ ഗ്ലോബലില്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ആഗോള തലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ഉല്പന്നങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ എന്നിവരും പങ്കെടുക്കും. രാജേഷ് സാഹ്നി, നിയാസ ലൈയ്ക്ക് തുടങ്ങി നിരവധി നിക്ഷേപകരും സംരംഭകരും മെന്റര്‍മാരും ഉപഭോക്താക്കളും പങ്കെടുക്കും. കേരള വ്യവസായ മന്ത്രി പി രാജീവ്, തമിഴ്‌നാട് വിവരസാങ്കേതികവിദ്യാ വകുപ്പ് മന്ത്രി മനോ തങ്കരാജ് എന്നിവരും സമ്മേളനത്തിനെത്തും.
സമ്മേളനത്തിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഗ്രാന്‍ഡ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചും ഇതില്‍ വിജയികളാകുന്ന ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപ സമ്മാനവും ലഭിക്കും.