New Update
/kalakaumudi/media/post_banners/3fbbb9ba8ce8b028c7f214debc6c5699a8af5820a46b9f0cfb8b7e3e2d8c74ed.jpg)
കാക്കനാട്: ഇന്‍ഫോപാര്‍ക്കിലെ വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കോണ്‍വോയ് സ്വന്തം ലോഗോയുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇന്‍ഫോപാര്‍ക്കില്‍ നിന്നും സ്വന്തം നാടുകളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വാഹനപൂളിങ് നടപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച സൗഹൃദ കൂട്ടായ്മയാണ് കോണ്‍വോയ്. വാട്‌സാപ്പ് വഴി രൂപം കൊടുത്ത കൂട്ടായ്മയില്‍ ഇപ്പോള്‍ 2000 അംഗങ്ങളുണ്ട്. വിവിധ റൂട്ടുകള്‍ക്കായി എട്ട് ഗ്രൂപ്പുകളിലാണിവരുടെ പങ്കാളിത്തം. അഹമ്മദ് ഷഹീര്‍ പട്ടണത്ത് രൂപകല്‍പ്പന ചെയ്ത കോണ്‍വോയ് ലോഗോയുടെ പ്രകാശനം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള നിര്‍വഹിച്ചു. മാതൃകാപരമായ കൂട്ടായ്മകളിലൂടെ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനാകുമെന്ന് കളക്ടര്‍ പറഞ്ഞു. കേവലം ധനലാഭമല്ല അതിലുപരി കാര്‍ബണ്‍ വികിരണം കുറയ്ക്കുന്ന തരത്തില്‍ പരിസ്ഥിതി സൗഹൃദപരമായി പ്രവര്‍ത്തിക്കാന്‍ ഇത് വഴിയൊരുക്കും. ഹരിതകേരള ദൗത്യത്തിലേക്കുള്ള നല്ലൊരു ചുവടുവയ്പു കൂടിയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍വോയ് മൊബൈല്‍ ആപ്ലിക്കേഷന്‍ പണിപ്പുരയിലാണെന്നും ഉടനെ അംഗങ്ങള്‍ക്കായി അവതരിപ്പിക്കുമെന്നും അണിയറ പ്രവര്‍ത്തകരായ ഇ.ടി. ജാബിര്‍, ജാബിര്‍ ചേര്‍ക്കുന്നത്, പ്രവീണ്‍.എസ്. നാഥ്, സഫ്‌വാന്‍ പരവക്കല്‍, മുഹമ്മദ് ഇജാസ്, ജാബിര്‍ ഇസ്മയില്‍ എന്നിവര്‍ പറഞ്ഞു. സൗഹൃദം പങ്കിടുന്നതോടൊപ്പം മികച്ച ഭക്ഷണശാലകള്‍, റൂട്ടുകള്‍ ഇവ സംബന്ധിച്ച വിവരങ്ങളും കൂട്ടായ്മയിലൂടെ അംഗങ്ങള്‍ സ്വായത്തമാക്കുന്നു. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് താമസസൗകര്യം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള ഹെല്‍പ്പ് ഡസ്‌ക് ഓണ്‍ലൈനില്‍ ആരംഭിക്കാനും കൂട്ടായ്മയ്ക്ക് പദ്ധതിയുണ്ട്.