/kalakaumudi/media/post_banners/f2f6ef77fcb551b154e5277245082895e40e7bd9e3ab3c3d85d1e1d15afbea87.jpg)
കൊച്ചി: ക്രൂഡോ ഓയില്‍ വില കുത്തനെ കുറച്ചതോടെ സൗദി അറേബ്യയില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികള്‍. ഫെബ്രുവരിയില്‍ ഡെലിവറി ചെയ്യുന്ന ക്രൂഡിന് 27 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സൗദി അറേബ്യ ഓഫര്‍ ചെയ്യുന്നത്. ഇതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും സൗദിയിലെ ആരാംകോയില്‍ നിന്ന് അധികമായി പത്ത് ലക്ഷം ബാരല്‍ എണ്ണ വാങ്ങുന്നതിന് കരാര്‍ നല്‍കി.
പേയ്‌മെന്റ് പ്രശ്‌നങ്ങള്‍ മൂലം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ പ്രതിസന്ധി നേരിടുന്നതിനാലാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മറ്റ് വിപണികളിലെ സാദ്ധ്യതകള്‍ തേടുന്നത്. ഉക്രെയ്നുമായുള്ള രാഷ്ട്രീയ സംഘര്‍ഷത്തിന് ശേഷം റഷ്യയില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍വിലക്കുറവിലാണ് ക്രൂഡോയില്‍ ലഭിച്ചിരുന്നത്.
എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം ഡോളറില്‍ പേയ്‌മെന്റ് നടത്താന്‍ കഴിയുന്നില്ല. രൂപയിലും റൂബിളിലും വ്യാപാരം നടത്താനുള്ള നീക്കങ്ങളും വിജയമായില്ല. ഈ സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയിലെ കമ്പനികളെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.