ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി.

author-image
anu
New Update
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. നവംബറില്‍ യാത്ര ചെയ്തവരുടെ എണ്ണത്തില്‍ 9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നവംബറില്‍ മാത്രം യാത്രക്കാരുടെ എണ്ണം 1.27 കോടിയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1.17 കോടിയായിരുന്നു.

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും വിമാനക്കമ്പനികള്‍ക്കിടയില്‍ വിപണി വിഹിതം മാറുകയും ചെയ്തതായി ഡിജിസിഎ അറിയിച്ചു. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ യാത്രക്കാരുടെ എണ്ണം 25.09 ശതമാനം ഉയര്‍ന്ന് 13.82 കോടിയിലെത്തി.

എയര്‍ ഇന്ത്യയുടെ വിപണി വിഹിതം 10.5 ശതമാനമാണ്. സ്‌പൈസ് ജെറ്റിന്റെ വിപണി വിഹിതം ഒക്ടോബറിലെ 5 ശതമാനത്തില്‍ നിന്ന് നവംബറില്‍ 6.2 ശതമാനമായി ഉയര്‍ന്നു. ആകാശ എയറിന്റെ ഒടിപി നവംബറില്‍ 78. 2 ശതമാനമാണ്.

ഇന്‍ഡിഗോയും വിസ്താരയും യഥാക്രമം 77.5 ശതമാനവും 72.8 ശതമാനവും ഒടിപിയുമായി തൊട്ടുപിന്നിലായി. സ്‌പൈസ് ജെറ്റിന്റെ ഒടിപി 41.8 ശതമാനമാണ്. വിസ്താര വിപണി വിഹിതം 9.4 ശതമാനമായി നേരിയ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ആകാശ എയര്‍, എഐഎക്സ് കണക്ട് എന്നിവ യഥാക്രമം 4.2 ശതമാനത്തിലും 6.6 ശതമാനത്തിലും തങ്ങളുടെ വിപണി വിഹിതം നിലനിര്‍ത്തി.

Business News Latest News