തിരുവനന്തപുരം: യുവാക്കളെ തൊഴില്‍ തേടുന്നതിനു പകരം തൊഴില്‍ ദാദാക്കളാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നവസംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ നൂതന സംരംഭം 'ഡീംവെസ്റ്റര്‍' പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ സംരംഭകര്‍ക്കും ബിസിനസ് താല്‍പ്പര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും അവയെ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമാണ് ഡ്രീംവെസ്റ്റര്‍ എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നത്.
തെരഞ്ഞെടുത്ത ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിസിനസ് ഇന്‍കുബേഷന്‍ സെന്ററുകളിലെ ഇന്‍കുബേഷന്‍ സ്‌പേസിലേക്കുള്ള പ്രവേശനം, മെന്ററിംഗ് പിന്തുണ, സീഡ് കാപ്പിറ്റല്‍ സഹായം, വിപണി ബന്ധങ്ങള്‍ എന്നിവ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
മത്സരത്തിലേക്കുള്ള ആശയങ്ങള്‍ നവംബര്‍ 24 മുതല്‍ www.dreamvestor.in വഴി സമര്‍പ്പിക്കാം. ആദ്യ റൗണ്ടിലേക്ക് ആശയങ്ങള്‍ ഡിസംബര്‍ 27 വരെ നല്‍കാം. മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ചു ലക്ഷ്ം രൂപയും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം മൂന്നും രണ്ടും ലക്ഷം രൂപയുമാണ് സമ്മാനം. നാലു മുതല്‍ 10 വരെ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഒരു ലക്ഷ്ം രൂപ വീതവും 11 മുതല്‍ 20 വരെ എത്തുന്നവര്‍ക്ക് 25,000 രൂപ വീതവും ലഭിക്കും. 20 ഫൈനലിസ്റ്റുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും സമ്മാനിക്കും.
കേരളത്തില്‍ ഒരു ലക്ഷ്ം പുതിയ സംരംഭങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1000 കോടിയോളം നിക്ഷേപവും 45,000 തൊഴിലവസരങ്ങളുമാണ് സംരംഭകത്വ വികസന പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.