ദുബായ്: ദുബായ് എക്‌സ്‌പോ 2020 ന് ഉജ്ജ്വലമായ തുടക്കം. ദുബായില്‍ നാലര കിലോമീറ്റര്‍ ചുറ്റളവില്‍ ഒരുക്കിയിട്ടുള്ള എക്‌സ്‌പോ ഗ്രാമത്തിലെ പ്രധാനവേദിയില്‍ വ്യാഴം വൈകിട്ട് യുഎഇ സമയം എഴരയോടെയാണ് ഉദ്ഘാടന പരിപാടികള്‍ തുടങ്ങിയത്.
പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുത്ത സംഗീതപരിപാടികള്‍ അരങ്ങേറി. ഗായകന്‍ സൗദിയിലെ മുഹമ്മദ് അബ്ദു, ആഞ്ചലിക് കിഡ്ജ, ഹുസൈന്‍ അല്‍ ജാസിമി, മൈസ കാറ,അഹ്ലാം അല്‍ ഷംസി തുടങ്ങി നിരവധി പേര്‍ ഗാനങ്ങളവതരിപ്പിച്ചു.
ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് പ്രവേശനമെങ്കിലും virtualexpo.world, Expo 2020 TV യില്‍ ലോകം മുഴുവന്‍ ലൈവ് ആയി കാണാന്‍ സൗകര്യമൊരുക്കിയിരുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുഎഇ ഉപ പ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് എക്‌സ്‌പോ കമ്മീഷണര്‍ ജനറല്‍ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മഹാമേള 2022 മാര്‍ച്ച് 31 വരെ തുടരും. 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന എക്‌സ്‌പോ കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്നാണ് മാറ്റിവച്ചത്.
360 ഡിഗ്രിയില്‍ കാഴ്ചകള്‍ തെളിയുന്ന ലോകത്തെ ഏറ്റവും വലിയ കുംഭ ഗോപുരമാണു മുഖ്യവേദിയായ അല്‍ വാസല്‍ പ്ലാസയില്‍ ലോകത്തെ വിസ്മയിപ്പിക്കാന്‍ ഒരുക്കിയിരുന്നത്.
എക്‌സ്‌പോ ഗ്രാമത്തിലേക്കു മാത്രമായി മെട്രോ സ്റ്റേഷനും സര്‍വീസും ഉണ്ട്. എക്‌സ്‌പോ നഗരിയില്‍ ഇതുള്‍പ്പടെ ഗതാഗത സൗകര്യം ഒരുക്കാന്‍ മാത്രം 30,000 കോടി രൂപയാണു ചെലവഴിച്ചത്.