/kalakaumudi/media/post_banners/61c74ad037c18cf7ee8f99b84dffd4b63bc4117517babd17ea456438e75bc9c3.jpg)
ന്യൂഡല്‍ഹി: നടപ്പുസാമ്പത്തികവര്‍ഷം രാജ്യം 7.3% സാമ്പത്തികവളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ (എന്‍എസ്ഒ) അനുമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 7.2% ആയിരുന്നു ജിഡിപി വളര്‍ച്ച. ഡിസംബറില്‍ ഇക്കൊല്ലം സാമ്പത്തികവളര്‍ച്ചാ അനുമാനം റിസര്‍വ് ബാങ്ക് 6.5 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഉയര്‍ത്തിയിരുന്നു.
2023 ജനുവരിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തികസര്‍വേ അനുസരിച്ച് 6 മുതല്‍ 6.8% വളര്‍ച്ചയാണ് നടപ്പുസാമ്പത്തികവര്‍ഷം പ്രവചിച്ചിരുന്നത്. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) കഴിഞ്ഞ വര്‍ഷം 160.06 ലക്ഷം കോടി രൂപയായിരുന്നത് ഇത്തവണ 171.79 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് എന്‍എസ്ഒയുടെ കഴിഞ്ഞ ദിവസത്തെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉല്പാദന രംഗത്തെ വളര്‍ച്ച 1.3 ശതമാനമായിരുന്നത് ഇത്തവണ 6.5 ശതമാനമായി ഉയരും.
എന്നാല്‍ കാര്‍ഷികമേഖലയിലെ വളര്‍ച്ച 4% ആയിരുന്നത് 1.8% ആയി കുറയും. ഖനന, ക്വാറിയിങ് മേഖല 4.6 ശതമാനമായിരുന്നത് 8.1 ശതമാനമാകും. ധനകാര്യ, റിയല്‍ എസ്റ്റേറ്റ്, പ്രഫഷനല്‍ മേഖലകളുടെ വളര്‍ച്ച 14 ശതമാനമായിരുന്നത് 6.3 ശതമാനമായി കുറയും. വാണിജ്യം, ഹോട്ടല്‍, ഗതാഗത മേഖലകളിലെ വളര്‍ച്ച 14% ആയിരുന്നത് ഇക്കൊല്ലം 6.3 ശതമാനമാകും.