ഇസാഫ് ബാങ്കിന് 302 കോടി രൂപ അറ്റാദായം; എക്കാലത്തേയും ഉയര്‍ന്ന ലാഭം, വര്‍ധന 452 ശതമാനം

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് റെക്കോര്‍ഡ് ലാഭം. 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 302.33 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം.

author-image
Web Desk
New Update
ഇസാഫ് ബാങ്കിന് 302 കോടി രൂപ അറ്റാദായം; എക്കാലത്തേയും ഉയര്‍ന്ന ലാഭം, വര്‍ധന 452 ശതമാനം

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് റെക്കോര്‍ഡ് ലാഭം. 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 302.33 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുന്‍ വര്‍ഷത്തെ 54.73 കോടി രൂപയില്‍ നിന്ന് 452 ശതമാനമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. അവസാന പാദത്തില്‍ 101.38 കോടി രൂപയാണ് അറ്റാദായം. മൂന്നാം പാദത്തില്‍ ഇതേകാലയളവില്‍ 37.41 കോടി രൂപയായിരുന്നു ഇത്.

വായ്പകള്‍ ഉള്‍പ്പെടെയുള്ള ബാങ്കിന്റെ മൊത്തം ബിസിനസ് 23.22 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 30,996.89 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 25,155.76 കോടി രൂപയായിരുന്നു ഇത്. പ്രവര്‍ത്തന വരുമാനം 81.70 ശതമാനം വര്‍ധിച്ച് 491.85 കോടി രൂപയില്‍ നിന്നും 893.71 കോടി രൂപയിലുമെത്തി. 1,836.34 കോടി രൂപയാണ് വാര്‍ഷിക അറ്റ പലിശ വരുമാനം. മുന്‍ വര്‍ഷത്തെ 1,147.14 കോടി രൂപയില്‍ നിന്നും 60.08 ശതമാനമാണ് വര്‍ധന.

സുസ്ഥിരതയോടുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ ലാഭം കുതിച്ചുയര്‍ന്നത് മുന്നിലുള്ള അവസരങ്ങളുടെ തെളിവാണെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. 'ഈ ഫലം ഞങ്ങളുടെ വായ്പാ ഉപഭോക്താക്കളുടെ തിരിച്ചടവു ശേഷിയെ പ്രതിഫലിപ്പിക്കുന്നുണ്ട്. നിരവധി പേരുടെ ജീവിതത്തില്‍, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്ത്യയിലുടനീളം പ്രവര്‍ത്തനം വിപുലീകരിക്കുന്നതോടൊപ്പം എല്ലാവരേയും സമൃദ്ധിയിലേക്കു നയിക്കുന്ന ഒരു കൂട്ടായ വളര്‍ച്ച ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും,' അദ്ദേഹം പറഞ്ഞു.

നിക്ഷേപങ്ങള്‍ 14.44 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 12,815.07 കോടി രൂപയില്‍ നിന്ന് 14,665.63 കോടി രൂപയിലെത്തി. കാസ അനുപാതം 7.18 ശതമാനമായി മെച്ചപ്പെട്ടു. മുന്‍ വര്‍ഷത്തെ 2,927.40 കോടി രൂപയില്‍ നിന്ന് ഇത് 3,137.45 കോടി രൂപയിലെത്തി. വായ്പാ വിതരണത്തില്‍ 16.38 ശതമാനമാണ് വളര്‍ച്ച. മൊത്തം വായ്പകള്‍ മുന്‍ വര്‍ഷത്തെ 12,130.64 കോടി രൂപയില്‍ നിന്നും 14,118.13 കോടി രൂപയായി വര്‍ധിച്ചു.

മൊത്ത നിഷ്‌ക്രിയ ആസ്തി 7.83 ശതമാനത്തില്‍ നിന്ന് 2.49 ശമതാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 3.92 ശതമാനത്തില്‍ നിന്ന് 1.13 ശതമാനമായും ആസ്തി ഗുണനിലവാരം നല്ല രീതിയില്‍ മെച്ചപ്പെടുത്തി. 19.83 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. പ്രതി ഓഹരി വരുമാനം 1.22 രൂപയില്‍ നിന്ന് 6.73 രൂപയായും വര്‍ധിച്ചു.

 

business banking esaf small finance