/kalakaumudi/media/post_banners/e3f7b05dfbf3a3d0f86d24104c9e961fd6e521667d78bce67b1834a52d6143b0.jpg)
ന്യൂഡല്‍ഹി: വിമാന റൂട്ടുകളില്‍ ഈടാക്കാവുന്ന പരമാവധി ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കണമെന്ന് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്റ് സ്ഥിരം സമിതി. ഇത് നടപ്പാകുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് പരിധി വിട്ട് ഉയരുന്നത് തടയും. ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരുന്നതു തടയാന്‍ അധികാരമുള്ള അര്‍ധ ജുഡീഷ്യല്‍ സംവിധാനം വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ വിമാന യാത്രാ നിരക്കിന് സര്‍ക്കാര്‍ കുറഞ്ഞതോ കൂടിയതോ ആയ പരിധി നിശ്ചയിച്ചിട്ടില്ല. കമ്പനികളാണ് നിരക്ക് തീരുമാനിക്കുന്നത്. വിമാനക്കമ്പനികളുടെ താല്‍പര്യം കൂടി പരിഗണിക്കാനായി ഉത്സവ സമയങ്ങളിലും മറ്റും ഈ മേല്‍ത്തട്ട് പരിധി മുന്‍കൂര്‍ അറിയിപ്പോടെ ഉയര്‍ത്തുന്നതും പരിഗണിക്കാവുന്നതാണെന്ന് വി.വിജയ്‌സായി റെഡ്ഡി എംപി അധ്യക്ഷനായ സമിതി നിരീക്ഷിച്ചു.
കമ്പനികള്‍ സ്വയം നിരക്ക് തീരുമാനിക്കുന്നതു വഴി സ്വയം നിയന്ത്രണം നടപ്പാകുന്നുണ്ടെന്ന് കേന്ദ്രം അവകാശപ്പെട്ടു. എന്നാലിത് കാര്യക്ഷമമല്ലെന്ന് സമിതി വിലയിരുത്തി. പ്രധാനപ്പെട്ട രാജ്യങ്ങളൊന്നും വിമാന നിരക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ പക്ഷം. സമിതിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു പിന്നാലെ പല വിമാനക്കമ്പനികളുടെയും ഓഹരി വിലയിലും ഇടിവ് രേഖപ്പെടുത്തി.