ഫ്രഷ് ടു ഹോം നേടിയത് 862 കോടിയുടെ നിക്ഷേപം; മുന്നില്‍ വന്‍ ലക്ഷ്യങ്ങള്‍

മൂന്നുമാസത്തിനുള്ളില്‍ ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണ് ഫ്രഷ് ടു ഹോമിന്റെ അടുത്ത ലക്ഷ്യം.

author-image
greeshma
New Update
ഫ്രഷ് ടു ഹോം നേടിയത് 862 കോടിയുടെ നിക്ഷേപം; മുന്നില്‍ വന്‍ ലക്ഷ്യങ്ങള്‍

862 കോടി രൂപ യുടെ നിക്ഷേപം നേടി ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ മീന്‍ വില്പന പ്ലാറ്റ്‌ഫോമും മലയാളി സംരംഭവുമായ ഫ്രഷ് ടു ഹോം. വമ്പന്‍ കമ്പനിയായ ആമസോണ്‍ ഉള്‍പ്പെടെ പ്രമുഖ കമ്പനികള്‍ 104 മില്യന്‍ ഡോളറാണ് ഫ്രഷ് ടു ഹോമില്‍ നിക്ഷേപിച്ചത്.

മലയാളികളായ മാത്യു ജോസഫ്, ഷാന്‍ കടവില്‍ എന്നിവര്‍ ചേര്‍ന്ന് 2015ലാണ് ഫ്രഷ് ടു ഹോമിന് തുടക്കമിട്ടത്. മായം കലരാത്തതും വൃത്തിയുള്ളതുമായ മത്സ്യ-മാംസ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിയതോടെ കമ്പനി വന്‍ ശ്രദ്ധയും സ്വീകാര്യതയും നേടിയെടുത്തു.

അതെ സമയം ലോകസമ്പദ്‌ഞെരുക്കം ശക്തമാകുകയും നിരവധി കമ്പനികള്‍ തകരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആമസോണ്‍ ഉല്‍പ്പെടെയുള്ള വന്‍ കമ്പനികള്‍ ഫ്രഷ് ടു ഹോമില്‍ ഇത്തരത്തിലൊരു വലിയ ഫണ്ടിംഗ് നടത്തിയിരിക്കുന്നതെന്നും ഇത് വലിയ നേട്ടം തന്നെയാണെന്നും ഫ്രഷ് ടു ഹോം സി.ഓ.ഓ മാത്യു ജോസഫും കേരള ചീഫ് അജിത് നായരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ 43 നഗരങ്ങളിലാണ് ഫ്രഷ് ടു ഹോമിന്റെ സാന്നിദ്ധ്യമുള്ളത്. മാത്രമല്ല സീരീസ് ഡി (നാലാം റൗണ്ട്) ഫണ്ടിംഗില്‍ ആമസോണിന് പുറമെ അയണ്‍ പില്ലര്‍ , ഇന്‍വെസ്റ്റ് കോര്‍പ്പ്, ഇന്‍വെസ്റ്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ്, അസറ്റ് കാപിറ്റല്‍, ഇ 20 ഇന്‍വെസ്റ്റ്‌മെന്റ്, മൗണ്ട് ജ്യൂഡി വെഞ്ച്വേഴ്‌സ്, ദല്ലാഹ് അല്‍ ബറാക്ക് എന്നിവയും നിക്ഷേപം നടത്തി.

അതുപോലെ ഒരു മലയാളി സംരഭത്തില്‍ ആമസോണിന്റെ ഏറ്റവും വലിയ നിക്ഷേപമെന്ന പ്രത്യാകതയും ഫ്രഷ് ടു ഹോമിന് സ്വന്തം. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്ക് എന്നവ ഇതിന് മുമ്പ് ഫ്രഷ് ടു ഹോമില്‍ നിക്ഷേപം നടത്തിയിരുന്നു.

സീരീസ് ഡി (മൂന്നാം റൗണ്ട്) ഫണ്ട്ംഗിലൂടെ 2020 ല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ഡെവലപ്‌മെന്റ് ഫിനാന്‍സ് 121 മില്യന്‍ ഡോളര്‍ നിക്ഷേപവും ഫ്രഷ് ടു ഹോമിന് നല്‍കിയിട്ടുണ്ട്. 1100 കോടി രൂപയുടെ (2021-2022) വിറ്റുവരമാണ് കമ്പനി ഇതിനോടകം നേടിയത്.

ഈ വര്‍ഷം ഇത് മറികടക്കുമെന്നും പറയപ്പെടുന്നുണ്ട്. പുതിയ നിക്ഷേപം ലഭിച്ചതോടെ വന്‍ വികസന പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളത്.

കേരളത്തില്‍ രണ്ട് ഉള്‍പ്പടെ ഇന്ത്യയില്‍ ഏഴും യുഎഇയില്‍ ഒന്നും ഫാക്ടറികള്‍ ഉണ്ട്. കൊല്‍ക്കത്തയിലും വൈകാതെ ഫാക്ടറി തുറക്കും. 35 ലക്ഷത്തിലേറെയാണ് ഉപഭോക്താക്കള്‍ പതിനേഴായിരത്തോളം പേര്‍ക്ക് തൊഴിലും നല്‍കുന്നുണ്ട്.

ഇന്ത്യയിലും യുഎ.ഇയിലുമായി 160 ലേറെ നഗരങ്ങളില്‍ ഫ്രഷ് ടൂ ഹോമിന്റെ സാന്നിദ്ധ്യമുണ്ട്. മൂന്നുമാസത്തിനുള്ളില്‍ ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണ് ഫ്രഷ് ടു ഹോമിന്റെ അടുത്ത ലക്ഷ്യം.

fresh to home 862cr investment