/kalakaumudi/media/post_banners/a3edfd9e4323cddf0264419b1141bc33bbfccdd6f08c30d630cbf149580b69e4.jpg)
മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പുതിയ പാര്‍ട്ട് ടൈം നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ഗിരീഷ്ചന്ദ്ര ചതുര്‍വേദിയെ തിരഞ്ഞെടുത്തു. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസുകാരനായ ചതുര്‍വേദി ഇതിന് മുന്‍പ് ധനമന്ത്രാലയത്തില്‍ ബാങ്കുകാര്യങ്ങള്‍ നോക്കുന്ന ഫിനാൻഷ്യൽ സര്‍വ്വീസിലെ അഡീഷണല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം റിട്ടയര്‍ ചെയ്തത് പെട്രോളിയം സെക്രട്ടറിയായിട്ടാണ്.
ഇന്നു റിട്ടയറാകുന്ന ചെയര്‍മാന്‍ എം.കെ. ശര്‍മയുടെ ഒഴിവിലേക്കാണു പുതിയ നിയമനം. ബാങ്ക് ഓഫ് ബറോഡയുടെ മുന്‍ സി.എം.ഡിയായ എം.ഡി മാല്യയെ ഒരു മാസം മുൻപ് ഐ.സി.ഐ.സി.ഐ ബാങ്കിന്‌റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചിരുന്നു. ഇദ്ദേഹം തന്നെ ചെയര്‍മാനാകും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചതുര്‍വേദിയെ ചെയര്‍മാനാക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായാണ്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്നു മാസ്റ്റേഴ്‌സും ഓക്‌സ്ഫഡില്‍നിന്ന് ധനശാസ്ത്രത്തില്‍ ഡോക്ടറേറ്റുമെടുത്ത ചതുര്‍വേദി കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയില്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.