മദ്യത്തിന് വില കുറവ് ഗോവയിൽ ; ഏറ്റവും കൂടുതൽ കർണാടകയിൽ

By Web desk.26 09 2023

imran-azhar

 

 


ന്യൂഡല്‍ഹി: മനോഹരമായ ബീച്ചുകൾക്ക് പുറമേ ഗോവയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊന്നാണ് വിലക്കുറവിൽ ലഭിക്കുന്ന മദ്യം. മദ്യത്തിന് ഇന്ത്യയില്‍ ഏറ്റവും കുറവ് നികുതി ഈടാക്കുന്ന സംസ്ഥാനമാണ് ഗോവ. ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്നതാകട്ടെ കര്‍ണാടകയും.

 


അന്താരാഷ്ട്ര സ്പിരിറ്റ് ആന്റ് വൈന്‍ അസോസിയേഷന്‍ നടത്തിയ കണക്കെടുപ്പലാണ് ഇത് സംബന്ധിച്ച വിവരം ഉള്ളത്.വിസ്‌ക്കി, റം, വോഡ്ക, ജിന്‍ എന്നിവ ഗോവയില്‍ 100 രൂപയ്ക്ക് ലഭിക്കുമ്പോൾ ഡല്‍ഹിയില്‍ 134 രൂപയും കര്‍ണാടകയില്‍ 513 രൂപയുമാണ് വില.

 

ഗോവയില്‍ മദ്യത്തിന് ഈടാക്കുന്ന നികുതി 49 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 71 ശതമാനമാനവും കര്‍ണാടകയില്‍ അത് 83 ശതമാനവുമാണ്.

 

വൈനിനും സ്പിരിറ്റിനും 150 ശതമാനത്തിന് മുകളിലാണ് ഇറക്കുമതി ചുങ്കം വരുന്നത്. ഇത് കുറയ്ക്കാന്‍ വിദേശ കമ്പനികള്‍ നിരന്തരം ആവശ്യം ഉയര്‍ത്തുന്നുണ്ട്.യുകെയുമായും യൂറോപ്യന്‍ യൂണിയനുമായും സ്വതന്ത്ര വ്യാപാര കരാറുകൾ ചര്‍ച്ച ചെയ്ത് താരിഫ് കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാനാണ് വിദേശ കമ്പനികള്‍ ആവശ്യപ്പെടുന്നത്.

 

പ്രാദേശിക നികുതി മൂലം പ്രശസ്ത ബ്രാന്റിലുള്ള സ്‌കോച്ചുകൾക്കും മറ്റും ഡല്‍ഹിയിലും മുംബൈയിലും 20 ശതമാനം വില ഉയരുന്നുണ്ട്. ഡല്‍ഹിയില്‍ ഒരു ബോട്ടിൽ ബ്‌ളാക്ക് ലേബലിന്റെ വില 3,100 രൂപ വരെയാണ്. എന്നാൽ മുംബൈലേക്ക് എത്തുമ്പോൾ ഇത് 4000 രൂപയാകും. കൂടിയ നികുതി കാരണം സംസ്ഥാന അതിര്‍ത്തിയിലൂടെയുള്ള മദ്യക്കടത്തും വർധിക്കുകയാണ്.

 

നിലവില്‍ മദ്യവും പെട്രോളിയവും ജിഎസ്ടിയിൽ ഉൾപ്പെടാത്തത് കൊണ്ടുതന്നെ വിവിധ ചുങ്കത്തിനും നികുതിയ്ക്കുമെല്ലാം കാരണമാകുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് നികുതി വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കുറഞ്ഞതോടെ മദ്യത്തിനു മേലും പെട്രോളിയും ഉത്പന്നങ്ങളുടെ മേലും കൂടുതൽ നികുതി ചുമത്തുക മാത്രമായി സംസ്ഥാനങ്ങൾക്കു മുന്നിലുള്ള മാർഗം.

OTHER SECTIONS