/kalakaumudi/media/post_banners/fe5e9105a49300aed36661a9bf87100f277fbf735608ccedea6fd787489c4643.jpg)
തിരുവനന്തപുരം: സ്വര്‍ണ വില റെക്കോഡ് നിലവാരത്തില്‍ തന്നെ തുടരുന്നു. പവന് 27,480 രൂപയും ഗ്രാമിന് 3,435 രൂപയുമാണ് ഇന്നലത്തെ വില. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നലെയും സ്വര്‍ണ വില്‍പ്പന നടന്നത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1,465.54 ഡോളറാണ് ഇന്നലത്തെ നിരക്ക്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 90 ഡോളറിനടുത്താണ് സ്വര്‍ണവിലയില്‍ വര്‍ദ്ധന ഉണ്ടായത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഓണം, വിവാഹ സീസണുകള്‍ അടുത്തിരിക്കുന്നതിനാല്‍ വില വീണ്ടും കൂടാനും സാദ്ധ്യതയുണ്ട്. വില ഇങ്ങനെ തുടര്‍ന്നാല്‍ സ്വര്‍ണവില അടുത്തകാലത്ത് തന്നെ 28,000 ത്തിന് മുകളില്‍ എത്തിയേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. സ്വര്‍ണ വില കുതിച്ചുയരുന്നതിനാല്‍ ജ്വല്ലറികളില്‍ വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ വില കൂടുമ്പോള്‍ സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നവരുടെ എണ്ണത്തില്‍ 10 മുതല്‍ 15 ശതമാനം വരെ വാര്‍ഷിക വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. സ്വര്‍ണ വില കുതിച്ചുയര്‍ന്നതോടെ കൈയിലുള്ള ആഭരണങ്ങളെ കാശാക്കി മാറ്റുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നാണ് വിവരം. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതും സ്വര്‍ണ വില കൂടാന്‍ കാരണമായി. നേരത്തെ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ ഇപ്പോള്‍ 12.5 ശതമാനമായാണ് ഉയര്‍ത്തിയത്.