/kalakaumudi/media/post_banners/db43c46ffc641dd4bbe8c7c4b55c6986bddb5a6084395c2c946e8eccb030c115.jpg)
സ്വര്‍ണ വില കഴിഞ്ഞ കുറച്ചു മാസങ്ങളായി കുത്തനെ ഉയരുകയാണ്. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് വില്‍പ്പന തുടരുന്നത്. ആഗോള വിപണിയിലും സ്ഥിതി മറിച്ചല്ല. എന്നാല്‍ ഇനി ഉടന്‍ സ്വര്‍ണ വില താഴേയ്ക്ക് പോകില്ലെന്നാണ് ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
പ്രകൃതിവിഭവ നിക്ഷേപ കമ്പനിയായ ഗോഹ്രിംഗ് & റോസെന്‍ക്വാജ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സ്വര്‍ണ വില ഉടന്‍ കുറയില്ലെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. കേന്ദ്ര ബാങ്കുകള്‍ ഭൗതിക സ്വര്‍ണം വാങ്ങാന്‍ താത്പര്യപ്പെടുന്നത് കൊണ്ട് തന്നെ സ്വര്‍ണത്തിന്റെ വില ഉയര്‍ന്ന് തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്കുകള്‍ ഇപ്പോള്‍ ഇടിഎഫുകള്‍ക്കൊപ്പം ഭൗതിക സ്വര്‍ണവും ശേഖരിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
സെന്‍ട്രല്‍ ബാങ്കുകള്‍ ഇപ്പോഴും വലിയ അളവില്‍ സ്വര്‍ണം വാങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ലെ ആദ്യ ആറുമാസത്തില്‍ മാത്രം 374 ടണ്‍ അധികമായി സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയതായാണ ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. നിലവിലെ ആഗോള വ്യാപാരയുദ്ധം വളര്‍ച്ചയില്‍ ഇടിവുണ്ടാക്കുമെന്നും അസംസ്‌കൃത എണ്ണവില കുറയ്ക്കുമെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ എണ്ണയ്ക്ക് വിപരീതമായി കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുമെന്നും നിരീക്ഷകര്‍ പറയുന്നു.
ഡോളറിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വിദേശനാണ്യ കരുതല്‍ മാനേജ്‌മെന്റ് തന്ത്രത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്കും (ആര്‍ബിഐ) 18 മാസത്തിലേറെയായി സ്വര്‍ണം വാങ്ങുന്നുന്നുണ്ടെന്നാണ് വിവരം. ആഗോളതലത്തില്‍ വിവിധ വന്‍കിട നിക്ഷേപരും സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആരംഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക്, വരുന്ന 10 വര്‍ഷത്തിനുള്ളില്‍ വന്‍ ലാഭം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. സാമ്പത്തിക മാന്ദ്യം ഉണ്ടാകാന്‍ ഇടയുണ്ടെന്ന ആശങ്കകള്‍ ഉള്ളതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫ് ഏര്‍പ്പെടുത്തുന്നത് യുഎസ് മാറ്റിവച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് കുത്തനെ ഇടിഞ്ഞിരുന്നു.