/kalakaumudi/media/post_banners/baa7998454e9f6d66ccb99ac627526a16faa67b55adb3f38953beb18a2193d91.jpg)
ന്യൂഡൽഹി: കാനറ ബാങ്കിനും എച്ച്.ഡി.എഫ്.സി ബാങ്കിനും റഷ്യയുമായി രൂപയിൽ വ്യാപാരത്തിന് അനുമതി നല്‍കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഇടപാടുകള്‍ക്കായി പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറക്കാനാണ് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചത്.ഇന്ത്യൻ കറൻസി വഴി അതിർത്തി കടന്നുള്ള വ്യാപാരത്തിന് വഴിയൊരുക്കുന്നതാണ് പുതിയ നീക്കം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, യുകോ ബാങ്ക് എന്നിവയ്ക്ക് രൂപ വഴിയുള്ള ഇടപാടുകൾ നടത്തുന്നതിന് ആർബിഐയിൽ നിന്ന് നേരത്തെ അനുമതി ലഭിച്ചിരുന്നു.ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയ്ക്കാകും ഇടപാടിൽ കൂടുതൽ ഊന്നൽ നൽകുക.ഇൻവോയ്സിംഗ്, പേയ്മെന്റ്, സെറ്റിൽമെന്റ് തുടങ്ങിയവയ്ക്കായി രൂപ ഉപയോഗിക്കാം.
വിദേശ വ്യാപാരം സുഗമമാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ നടപടി. രൂപ മൂല്യത്തകർച്ച നേരിടുന്ന സമയത്ത് ഈ നീക്കം ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.റഷ്യയുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറക്കുമെന്ന് എസ്ബിഐ അന്ന് പറഞ്ഞിരുന്നു.
ആർബിഐ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച്, റഷ്യൻ ബാങ്കുകൾ ഉൾപ്പെടെ വിവിധ ബാങ്കുകളിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകൾ പ്രൊസസ് ചെയ്തു വരികയാണെന്നും എസ്ബിഐ അറിയിച്ചിരുന്നു.ഒരു പ്രാദേശിക ബാങ്ക് വിദേശ ബാങ്കിലേക്ക് സ്വന്തം കറൻസിയിൽ പെയ്മെന്റ് നടത്തുന്ന രീതിയാണ് വോസ്ട്രോ എന്നറിയപ്പെടുന്നത്. അതായത്, റഷ്യയിലെ ഒരു ബാങ്ക് ഇന്ത്യയിലെ ഒരു ബാങ്കിൽ അക്കൗണ്ട് തുറക്കുമ്പോൾ അതിൽ ഇന്ത്യൻ കറൻസി വഴിയുള്ള ഇടപാടാണ് നടത്തുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
