/kalakaumudi/media/post_banners/361168f079accce4146b8cc6506ca7dd9b3592c25328cf500cb4115c7ef9570e.jpg)
മുംബൈ: അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെന്ന് യുഎസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന 88 ചോദ്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കി.
വിശദമായ രേഖകളുടെ പിന്‍ബലത്തിലാണ് റിപ്പോര്‍ട്ട്. അദാനി നിയമനടപടിയിലേക്ക് കടക്കുന്നതില്‍ കഴമ്പില്ലെന്നും ഹിന്‍ഡന്‍ബര്‍ അറിയിച്ചു. റിപ്പോര്‍ട്ട് നിക്ഷേപകരില്‍ അനാവശ്യഭീതി ഉണ്ടാക്കിയെന്നാരോപിച്ച് അദാനി ഗ്രൂപ്പ് നിയമ നടപടിക്കൊരുങ്ങവെയാണ് ഹിന്‍ഡന്‍ബര്‍ഗ് നിലപാട് വ്യക്തമാക്കിയത്.
അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പ്രധാന കണ്ടെത്തല്‍. ഈ ഓഹരികള്‍ വച്ച് വന്‍ തുക വായ്പ എടുത്തെന്നും അദാനി കുടുംബത്തിന് വിദേശത്ത് ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.
12,000 കോടി ഡോളര്‍ ആസ്തിയുള്ള ഗ്രൂപ്പ് ഇതില്‍ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വര്‍ഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ ഒറ്റ ദിവസം ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിച്ച് തുടങ്ങിയപ്പോള്‍ തന്നെ അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
രണ്ടാമതൊരു വാര്‍ത്താക്കുറിപ്പ് ഇറക്കി നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 'ഓഹരി വിപണിയില്‍ നിന്ന് 20,000 കോടി രൂപ സമാഹരിക്കാനായി അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ നടക്കാന്‍ പോകുന്നു ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ്. വിദേശ ഇടപെടല്‍ അനുവദിച്ച് കൊടുക്കാനാകില്ല. ഇന്ത്യയിലേയും യുഎസിലേയും നിയമ സാധ്യതകള്‍ പരിശോധിക്കും.' അദാനി ഗ്രൂപ്പ് അറിയിച്ചു.