By priya.22 09 2023
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ നവംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കേരളത്തിലെ സംരംഭക യുവതയുടെ മുന്നില്‍ അവസരങ്ങളുടെ അനന്ത സാധ്യതകള്‍ തുറക്കും.
നിലവിലുള്ള പലതിനേയും കീഴ്‌മേല്‍ മറിക്കാന്‍ ശേഷിയുള്ള ആശയങ്ങള്‍ തേടിയെത്തുന്ന ആഗോളതല നിക്ഷേപകര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കും.
തിരുവനന്തപുരം ചൊവ്വര സോമതീരം ബീച്ചില്‍ നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്റെ സംഘാടകര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ തുടക്കക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഒരേ വേദിയിലെത്തിക്കാന്‍ ഹഡില്‍ ഗ്ലോബല്‍ ലക്ഷ്യമിടുന്നു.
15000 ത്തിലധികം പേരാണ് ഹഡില്‍ ഗ്ലോബലിന്റെ ഭാഗമാകുക. ലോകമെമ്പാടുമുള്ള നൂറ്റന്‍പതോളം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ 5000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 300ല്‍ അധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും.
കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്പങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവയും ഹഡില്‍ ഗ്ലോബലിന്റെ ലക്ഷ്യങ്ങളാണ്.
പുതിയ ആശയങ്ങളും ഉല്പന്നങ്ങളുമുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമൊരുക്കുന്ന ഹഡില്‍ ഗ്ലോബലില്‍ എഡ്യൂടെക്, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്‌പേസ്‌ടെക്, ഹെല്‍ത്ത്‌ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ-ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിംഗ് മേഖലകളിലെ സംരംഭങ്ങള്‍ക്ക് പങ്കെടുക്കാം. 2018 മുതല്‍ നടക്കുന്ന ഹഡില്‍ ഗ്ലോബലില്‍ 5000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്.