
ഗാന്ധിനഗര്‍: രാജ്യത്തെ പ്രഥമ രാജ്യാന്തര എക്‌സ്‌ചേഞ്ചും ബിഎസ്ഇയുടെ അനുബന്ധ സ്ഥാപനവുമായ ഇന്ത്യ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് (ഐഎന്‍എക്‌സ്) ഗുജറാത്തിലെ ഐഎഫ്എസ്‌സി, ഗിഫ്റ്റ് സിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രിയും ഐഎഫ്എസ്‌സി ദൗത്യസേന ചെയര്‍മാനുമായ അരുണ്‍ റാം മേഘ്‌വാളും ചടങ്ങില്‍ പങ്കെടുത്തു. സെബി ചെയര്‍മാന്‍ യു.കെ.സിന്‍ഹ, ഗിഫ്റ്റ് സിറ്റി ചെയര്‍മാന്‍ സുധീര്‍ മങ്കഡ്, ഗുജറാത്ത് ചീഫ് സെക്രട്ടറി ഡോ.ജെ.എന്‍. സിങ് എന്നിവരും പങ്കെടുത്തു .
ലോകത്തെ ഏറ്റവും ആധുനിക സാങ്കേതിക പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചായിരിക്കും ഇന്ത്യ ഐഎന്‍എക്‌സ്. 22 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചിലൂടെ രാജ്യന്തര നിക്ഷേപകര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വ്യാപാരം നടത്താം. ഓഹരി, നാണയ, ഉല്‍പ്പന്ന വ്യാപാരങ്ങളാകും ആദ്യഘട്ടത്തില്‍ നടക്കുക. വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ നിക്ഷേപ രസീതുകളും ബോണ്ടുകളും ലഭ്യമാകും.