/kalakaumudi/media/post_banners/341c210f60f2bb43d38265ecd0e2553caac16174a6d40f2783c0ef3585367c15.jpg)
ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി മാറും. ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 5 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായിരിക്കും അന്നുണ്ടാവുക. 2030ല്‍ ഇത് 7 ലക്ഷം കോടി ഡോളറായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്, ചൈന, ജര്‍മനി, ജപ്പാന്‍ എന്നിവയാണ് സമ്പദ്‌വ്യവസ്ഥയില്‍ മുന്നിലുള്ള രാജ്യങ്ങള്‍.
2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ ജിഡിപി 272.41 ലക്ഷം കോടി രൂപയാണെന്നാണ് (3.3 ട്രില്യന്‍ ഡോളര്‍) കണക്കാക്കിയിരിക്കുന്നത്. ഇത് വരുന്ന മാര്‍ച്ചില്‍ 301.75 ലക്ഷം കോടി രൂപയാകുമെന്നാണ് ബജറ്റ് വിലയിരുത്തല്‍. ഈ തുക ഡോളറില്‍ കണക്കാക്കിയാല്‍ 3.65 ട്രില്യണാണ്.
ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തികവര്‍ഷവും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7 ശതമാനം കടക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രവചനം. ഇത് ശരിയായാല്‍ കോവിഡിനു ശേഷമുള്ള 4 വര്‍ഷവും 7% വളര്‍ച്ചയെന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാകും. നടപ്പുസാമ്പത്തികവര്‍ഷം രാജ്യം 7.3% സാമ്പത്തികവളര്‍ച്ച കൈവരിക്കുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ (എന്‍എസ്ഒ) അനുമാനം.
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായി റിപ്പോര്‍ട്ടില്‍ പറയുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ആണ്. എഐ തൊഴില്‍ നഷ്ടമുണ്ടാക്കുമെന്ന് ആശങ്ക ലോകമെങ്ങുമുള്ള സര്‍ക്കാരുകള്‍ക്ക് വെല്ലുവിളിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകമാകെയുള്ള തൊഴിലിന്റെ 40 ശതമാനത്തിനു മേല്‍ എഐയ്ക്ക് സ്വാധീനം ചെല്ലുത്താമെന്ന രാജ്യാന്തര നാണ്യ നിധിയുടെ (ഐഎംഎഫ്) റിപ്പോര്‍ട്ടും പരാമര്‍ശിച്ചിട്ടുണ്ട്.