ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വര്‍ധനവ്

By web desk.01 12 2023

imran-azhar


ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസത്തില്‍ 7.6 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.

 

6.5% മുതല്‍ 7% വരെ വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്നായിരുന്നു വിവിധ ഏജന്‍സികളുടെ അനുമാനം. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക അനുമാനം പോലും 6.5 ശതമാനമായിരുന്നു. ഉല്‍പാദന, നിര്‍മാണ, ഖനന മേഖലകളില്‍ നിന്നുമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

 

ഏപ്രില്‍-ജൂണില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.8 ശതമാനമായിരുന്നു. ഇക്കൊല്ലം രാജ്യത്തിന്റെ വളര്‍ച്ച 6.5% എന്നാണ് ആര്‍ബിഐയുടെ പ്രവചനം. ഉല്‍പന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനം കഴിഞ്ഞ വര്‍ഷം ജൂലൈ-സെപ്റ്റംബറില്‍ 38.78 ലക്ഷം കോടി രൂപയായിരുന്നത് ഇത്തവണ 41.74 ലക്ഷം കോടിയായിട്ടാണ് വര്‍ധിച്ചത്.

 

അതേസമയം കാര്‍ഷിക മേഖലയിലെ വളര്‍ച്ചയില്‍ ഇടിവുണ്ടായി. ആദ്യപാദത്തില്‍ 3.5 ശതമാനമായിരുന്നത് 1.2 ആയി ഇത്തവണ കുറഞ്ഞു. എന്നാല്‍ ഉല്‍പാദന മേഖലയില്‍ 4.7% ആയിരുന്നത് 13.9% ആയി ഉയര്‍ന്നു. നിര്‍മാണ മേഖല 7.9% ആയിരുന്നത് 13.3 ആയി. ഖനന, ക്വാറി രംഗം ആദ്യ പാദത്തില്‍ 5.8 ശതമാനമായിരുന്നത് 10% ആയി. ധനകാര്യ, റിയല്‍ എസ്റ്റേറ്റ് സേവനമേഖലകള്‍, ഹോട്ടലുകള്‍, വാണിജ്യരംഗം, ഗതാഗതം എന്നിവയില്‍ ഇടിവുണ്ടായി.

 

കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ 7 മാസം കൊണ്ട് ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 45 ശതമാനത്തിലെത്തി. ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ധനക്കമ്മി 8.03 ലക്ഷം കോടി രൂപയാണ്. 17.86 ലക്ഷം കോടിയില്‍ ധനക്കമ്മി നിര്‍ത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്.

 

 

OTHER SECTIONS