/kalakaumudi/media/post_banners/02ab2f646c8fcf72d510145cc10d92c461e8a5142c4836dd45c4fdde41f0843c.jpg)
ദില്ലി : വെല്‍ക്കം ഓഫര്‍ എന്ന പേരില്‍ സൗജന്യ സേവനം മൂന്ന് മാസത്തേക്ക് നീട്ടിയ റിലയന്‍സ് ജിയോയുടെ നടപടി ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ ശരിവെച്ചു. എയര്‍ടെല്ലും ഐഡിയയും സമര്‍പ്പിച്ച പരാതി തള്ളിയാണ് ട്രായ് നിലപാട് വ്യക്തമാക്കിയത്.
ജിയോയുടെ ടാരിഫ് പ്ലാനുകള്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമാണ്. പരാതിയില്‍ വസ്തുതയില്ലെന്ന് കണ്ടെത്തിയതിനാല്‍ നിലവിലുള്ള സൗജന്യ സേവനങ്ങള്‍ ജിയോയ്ക്ക് തുടരാവുന്നതാണെന്നും ട്രായ് വിലയിരുത്തി.
രാജ്യത്ത് പുതിയ ടെലികോം സേവനദാതാവായി അവതരിപ്പിച്ച റിലയന്‍സ് ജിയോ പ്രാരംഭ ആനുകൂല്യമായി, വെല്‍ക്കം ഓഫര്‍ എന്ന പേരില്‍ ഉപഭോക്താക്കള്‍ക്കെല്ലാം പരിധിയില്ലാത്ത ഡേറ്റയും, കോളുകളും നല്‍കുന്ന ഓഫര്‍ അവതരിപ്പിച്ചത്.
എന്നാല്‍ 90 ദിവസ കാലാവധി കഴിഞ്ഞിട്ടും ഓഫര്‍ ഹാപ്പി ന്യൂ ഇയര്‍ എന്ന പേരില്‍ പേരുമാറ്റി ജിയോ തുടരുകയായിരുന്നു. ഇതിനെതിരെ ടെലികോം സേവനദാതാക്കളായ വോഡാഫോണും, ഐഡിയയും ടെലികോം ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
രാജ്യത്തെ ടെലികോം നിയമപ്രകാരം 90 ദിവസമാണ് ഓഫറുകള്‍ നല്‍കാവുന്ന കാലപരിധി. ഇതിനുശേഷവും ഓഫര്‍ തുടരുന്നത് ചട്ടലംഘനമാണെന്നായിരുന്നു എയര്‍ടെല്ലും ഐഡിയയും പരാതിയില്‍ വ്യക്തമാക്കിയത്. ഡിസംബര്‍ 24 നാണ് എയര്‍ടെല്‍ ജിയോയുടെ സൗജന്യ ഓഫറിനെതിരെ ടെലികോം ട്രൈബ്യൂണലിനെ സമീപിച്ചത്. പിന്നാലെ ഐഡിയയും കേസില്‍ കക്ഷി ചേരുകയായിരുന്നു.