/kalakaumudi/media/post_banners/9a80dbd95751310b8eaa063b85fac5afa0c152e9b17eb9242e9e33aec94b5ece.jpg)
മുംബൈ : അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ടെലികോം വിപണിയുടെ 45 ശതമാനത്തോളം റിലയന്‍സ് ജിയോ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. 2022 മാര്‍ച്ച് മാസത്തോടെ മുഖ്യ എതിരാളികളായ വോഡഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഉപയോക്താക്കളെ ജിയോ വന്‍തോതില്‍ പിടിച്ചെടുക്കുമെന്നും ഇന്ത് റേറ്റിംഗ്സിന്റെ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ശക്തമായ വിപണി മത്സരം, ഉയര്‍ന്ന കടം, വമ്പന്‍ മൂലധന നിക്ഷേപം തുടങ്ങിയ ഘടകങ്ങള്‍ മേഖലയെ പിന്നോട്ടു വലിക്കുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മൂന്ന് വര്‍ഷം മുന്‍പ് അവതരിച്ച റിലയന്‍സ് ജിയോ ടെലികോം വിപണിയുടെ എല്ലാ തലങ്ങളിലും പിടിമുറുക്കിയെന്നാണ് ഇന്ത്യ റേറ്റിംഗ്സ് നിരീക്ഷിക്കുന്നത്. നിലവില്‍ 34 കോടി ഉപഭോക്താക്കളാണ് മുകേഷ് അംബാനിയുടെ കമ്പനിക്കുള്ളത്. പ്രതിമാസം ശരാശരി ഒരു കോടിയോളം ഉപയോക്താക്കളെ ജിയോ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇത് എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നീ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. വോഡഫോണ്‍- ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയുടെ സംയോജിത കടം ഈ സാമ്പത്തിക വര്‍ഷം 3.9 ലക്ഷം കോടി രൂപയാണ്. 2020-22 കാലഘട്ടത്തിലും ടെലികോം കമ്പനികള്‍ നിലവില്‍ ദുര്‍ബലമായ അവസ്ഥയില്‍ തുടരുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. വരാനിരിക്കുന്ന 5ജി ലേലങ്ങളില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ക്ക് താല്‍പ്പര്യമില്ലെന്നും സൂചനയുണ്ട്.