കേരള ടെക്‌നോളജി എക്‌സ്‌പോയ്ക്ക് തുടക്കമായി

കേരള ടെക്‌നോളജി എക്സ്‌പോയ്ക്ക് (കെ.ടി.എക്സ്-24) തുടക്കമായി.

author-image
anu
New Update
കേരള ടെക്‌നോളജി എക്‌സ്‌പോയ്ക്ക് തുടക്കമായി

കോഴിക്കോട്: കേരള ടെക്‌നോളജി എക്സ്‌പോയ്ക്ക് (കെ.ടി.എക്സ്-24) തുടക്കമായി. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന പരിപാടി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രധാന ഐ.ടി. നഗരമായി കോഴിക്കോടിനെ മാറ്റാന്‍ ലക്ഷ്യമിട്ട് കാലിക്കറ്റ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി ഇനീഷ്യേറ്റീവിന്റെ(സിറ്റി 2.0) നേതൃത്വത്തിലാണ് കേരള ടെക്നോളജി എക്സ്പോ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് രണ്ടിന് എക്‌സ്‌പോ അവസാനിക്കും. 200-ല്‍ അധികം സ്റ്റാളുകള്‍, നൂറിലധികം മുന്‍നിരപ്രാസംഗികര്‍, മൂവായിരത്തിലധികം പ്രൊഫഷണലുകളുടെയും ബിസിനസുകാരുടെയും സാന്നിധ്യവും എക്സ്‌പോയിലുണ്ടാവും.

കോഴിക്കോടിനെ ഒരു ഐടി ഹബ്ബ് ആക്കി മാറ്റുന്നതിനുള്ള എല്ലാ സാഹചര്യവും നിലനില്‍ക്കുന്നുണ്ടെന്നും കോഴിക്കോടിന്റെ വികസനമുന്നേറ്റത്തിന് സഹായകമാവുന്ന ഒത്തുചേരലാണ് ഇതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്വകാര്യ പൊതുമേഖലയിലെ രണ്ട് ഐടി പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്ന ഇടമാണ് കോഴിക്കോട്. കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ മുന്നേറ്റം ആവേശകരമായ അനുഭവമാണ്. 2.88 ലക്ഷം ചതുരശ്ര അടി സ്ഥലം പൂര്‍ണമായി പ്രയോജനപ്പെടുത്താനായി. 2023 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 2000 തൊഴിലവസരങ്ങള്‍ സൈബര്‍ പാര്‍ക്ക് കാമ്പസില്‍ നേരിട്ട് സൃഷ്ടിച്ചത്. 2020 ല്‍ 746 എന്നതില്‍ നിന്നാണ് മൂന്ന് വര്‍ഷംകൊണ്ട് 2000 ലേക്ക് എത്തിയത്. കയറ്റുമതിയിലും സൈബര്‍പാര്‍ക്കിന് വലിയ മുന്നേറ്റമുണ്ടായി. 2021-22 ല്‍ 55.7 കോടിയായിരുന്നു കയറ്റുമതി. അത് 22-23 ല്‍ 105 കോടിയായി വളര്‍ന്നു. ഈ നിലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാനായി. മറ്റ് ഐടി കമ്പനികളും നേട്ടമുണ്ടാക്കി. കോഴിക്കോടിന് അവസരമുണ്ടെങ്കില്‍ വളരാനാവും എന്നതിന് തെളിവാണ് ഈ കണക്കുകള്‍. ഇനിയുള്ള വളര്‍ച്ച എങ്ങനെയാവും എന്നതിലാണ് നമ്മള്‍ ഊന്നല്‍ നല്‍കേണ്ടത്. മന്ത്രി പറഞ്ഞു.

kerala international expo calicut business