/kalakaumudi/media/post_banners/d95eba690ee70c053c7cc0555ca6ebd3651b737b76041a43941f80762319b754.jpg)
തിരുവനന്തപുരം: കോവളം ലീലാ റാവിസ് ഹോട്ടല്‍ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള.
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു കോടി രൂപയുടെ ഉപരിപഠന സ്‌കോളര്‍ഷിപ്പ് നല്‍കും. കോവളത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാകും പ്രഥമ പരിഗണന.
1000 വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപ വീതമാണ് സ്‌കോളര്‍ഷിപ്പ്. ഇതില്‍ 70 ശതമാനം പെണ്‍കുട്ടികള്‍ക്കായിരിക്കും. ഒപ്പം കോവിഡിനു ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്ന കേരളത്തിന്റെ ടൂറിസം വ്യവസായത്തിന് പുതിയ മാനം നല്‍കുന്ന പദ്ധതികള്‍ കോവളത്ത് നടപ്പിലാക്കുമെന്ന് ഡോക്ടര്‍ രവി പിള്ള പറഞ്ഞു.
അന്തര്‍ദേശീയ ദേശീയ പ്രാദേശിക തലത്തില്‍ കോവളത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന വിധത്തിലാകും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍.
2023ല്‍ സന്ദര്‍ശിക്കേണ്ട 50 സ്ഥലങ്ങളില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ കേരളവും ഇടം പിടിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകള്‍ പതിര് മടങ്ങ് വര്‍ധിപ്പിച്ചതായും അദ്ദേഹം ചൂണ്ടികാട്ടി.
സംസ്ഥാനത്തേക്ക് എത്തിപ്പെടാന്‍ വ്യോമ - റെയില്‍ കണക്ടിവിറ്റിയും, സംസ്ഥാനത്തെത്തിയാല്‍ സഞ്ചരിക്കാന്‍ മികച്ച റോഡുകളുമുണ്ടെങ്കില്‍ ആഭ്യന്തര വിദേശ ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് ഒഴുകും.
രാജ്യത്തിനകത്തും പുറത്തും നമ്മള്‍ നല്ല രീതിയില്‍ ടൂറിസം പ്രമോഷന്‍ നടത്തുന്നുണ്ട്. ഒപ്പം പരിസര ശുചിത്വത്തിലും മാലിന്യ സംസ്‌കരണത്തിലുമാണ് ഇനി ശ്രദ്ധ വേണ്ടത്. ഭരണകൂടവും ജനങ്ങളും കൈകോര്‍ത്താല്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് ആര്‍.പി.ഗ്രൂപ്പ് ചെയര്‍മാന്‍ അറിയിച്ചു.