
മുംബൈ: ചില ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളില്‍ വില പെരുപ്പിച്ചു കാണിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുള്ളതായി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അധ്യക്ഷ മാധബി പുരി ബുച്ച്. അപകടസാധ്യതയുള്ള ഓഹരികള്‍ വാങ്ങുമ്പോള്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു. സ്‌മോള്‍, മിഡ്ക്യാപ് ഓഹരി വിലകള്‍ ഏതാനും മാസങ്ങളായി കുതിച്ചുയരുന്നതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സെബി മേധാവി.
''സ്‌മോള്‍, മിഡ്ക്യാപ് ഓഹരികളുടെ വിപണിയില്‍ കുമിളകള്‍ നുരപൊന്തി കിടപ്പുണ്ട്. യുക്തിരഹിതമായാണ് പലതിന്റെയും വിലകള്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഇതു നല്ല കാര്യമല്ല. കുമിളകള്‍ പൊട്ടിയാല്‍ അതു നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും. പ്രാഥമിക ഓഹരി വില്‍പനയിലും, സെക്കന്‍ഡറി വിപണിയിലും വിലയില്‍ കൃത്രിമം കാണിക്കുന്നതിന്റെ തെളിവ് സെബിക്കു ലഭിച്ചിട്ടുണ്ട് 'എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടിയെടുക്കുന്നതിനെ പറ്റി അവര്‍ വ്യക്തമാക്കിയില്ല. ഓഹരി വ്യാപാര സെറ്റില്‍മെന്റ് അന്നു തന്നെ നടത്തുന്ന 'ടി+0' 28ന് ആരംഭിക്കുമെന്നും മാധബി പുരി ബുച്ച് അറിയിച്ചു.