/kalakaumudi/media/post_banners/4feb77005c69810e3e2943abe0549a0055302c1c9c1cb1d1a2fb5a0beae02ed6.jpg)
കൊച്ചി: കേരള കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധനവ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിരിക്കുന്നത്. ഓഹരി വിപണി പുതിയ റെക്കാഡുകള്‍ കീഴടക്കി മുന്നേറുന്നതിനൊപ്പം കേരളത്തിലെ കമ്പനികളുടെ മൂല്യത്തിലും വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ കമ്പനിയായ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ(എഫ്.എ.സി.ടി) വിപണി മൂല്യത്തില്‍ ഇക്കാലയളവില്‍ ഇരുപതിരട്ടി വര്‍ദ്ധനയാണ് ദൃശ്യമായത്. 2017 ഡിസംബറില്‍ 45 രൂപയ്ക്കടുത്ത് വിലയുണ്ടായിരുന്ന എഫ്.എ.സി.ടിയുടെ ഓഹരിയുടെ വില വെള്ളിയാഴ്ച 823 രൂപയിലെത്തി. ഈ വര്‍ഷം ഏപ്രിലില്‍ ഫാക്ടിന്റെ ഓഹരി വില 183 രൂപയായിരുന്നു. 2017 ഡിസംബറില്‍ 2.900 കോടി രൂപ മാത്രം വിപണി മൂല്യമാണ് ഫാക്ടിനുണ്ടായിരുന്നത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 53,100 കോടി രൂപയായി ഉയര്‍ന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വില ആറ് വര്‍ഷത്തിനിടെ 450 രൂപയില്‍ നിന്നും 1510 രൂപയിലേക്കാണ് ഉയര്‍ന്നത്. ഈ വര്‍ഷം കമ്പനിയുടെ ഓഹരി വില 911 രൂപ വരെ താഴ്ന്നിരുന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം 2017 ലെ 17,000 കോടി രൂപയില്‍ നിന്നും 60,000 കോടി രൂപയ്ക്ക് അടുത്തെത്തി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ വിപണി മൂല്യം 7,775 കോടി രൂപയില്‍ നിന്നും 16,500 കോടി രൂപയിലേക്ക് ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരി വില ഇക്കാലയളവില്‍ 515രൂപയില്‍ നിന്നും 1254 രൂപയായി ഉയര്‍ന്നു. സംസ്ഥാനത്തെ വലിയ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ വിപണി മൂല്യം 37,400 കോടി രൂപയായി ഉയര്‍ന്നു. ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത്കെയര്‍ 20,100 കോടി രൂപയുടെ വിപണി മൂല്യവുമായി തൊട്ടുപിന്നിലുണ്ട്. വി ഗാര്‍ഡ്, കിറ്റെക്സ്, സി.എസ്.ബി ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ് എന്നിവയുടെ വിപണി മൂല്യത്തിലും ഇക്കാലയളവില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി.