By Lekshmi.22 03 2023
ന്യൂസൽഹി: 2023ലെ ലോക സമ്പന്നരെ പട്ടികപ്പെടുത്തിയുള്ള ഹുറൂൺ റിച്ച് ലിസ്റ്റ് പ്രഖ്യാപിച്ചു.ലോകത്തെ മികച്ച പത്ത് ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി മാത്രമാണ് ഇന്ത്യയിൽ നിന്നും ഇടം നേടിയത്.82 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി.അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 23ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനിയുടെ ഓഹരി നിക്ഷേപത്തിൽ വൻ ഇടിവുണ്ടായിരുന്നു. അദാനിയുടെ സമ്പത്തിൽ 28 ബില്യൺ ഡോളറാണ് ഇടിവുണ്ടായത്.ഇതോടെ ഇന്ത്യയിലെ ധനികരിൽ രണ്ടാം സ്ഥാനത്തേക്ക് അദാനി പിന്തളളപ്പെട്ടു.53 ബില്യൺ ഡോളറിന്‍റെ സമ്പത്തുമായിട്ടാണ് അദാനി രണ്ടാം സ്ഥാനത്തേക്കെത്തിയത്.ഹുറൂൺ പട്ടികയിൽ സൈറസ് പൂനാവാല 46ാം സ്ഥാനത്തും ശിവ് നാടാർ ഫാമിലി 50 സ്ഥാനത്തുമാണുളളത്.
ഈ പട്ടികയിൽ 15 പേരാണ് ഇന്ത്യയിൽ നിന്നും പുതിയതായി എത്തിയിരിക്കുന്നത്.ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഉളളത് ചൈനയിലും യുഎസിലുമാണ്.അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഉളളത് ഇന്ത്യയിലാണ്.ആസ്തിയിൽ 20 ശതമാനം കുറവാണ് മുകേഷ് അംബാനിക്കുണ്ടായത്.എങ്കിലും അദ്ദേഹത്തിന് ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പദവി നേടാനായി.
ഏഷ്യയിലെ സമ്പന്നരിൽ രണ്ടാം സ്ഥാനത്തുളളത് ചൈനീസ് വ്യവസായിയായ ഴോങ് ഷാൻഷാൻ ആണ്.ലോകത്തുടനീളം 2023ൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കുറവുണ്ടായതായാണ് റിപ്പോർട്ട്.കഴിഞ്ഞ വർഷം 3384 പേർക്കായിരുന്നു 100 കോടി ഡോളറിലേറെ ആസ്തിയുണ്ടായിരുന്നത്.എന്നാൽ ഇത്തവണയത് 3112 ആയി കുറഞ്ഞു.